
മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്‌ക്ക് 26 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവിന് വഴിയൊരുക്കി. വിവിധ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ആഗോള ഓഹരി വിപണിയെ വില്‍പ്പന സമ്മര്‍ദത്തിലാഴ്‌ത്തി.
ഇന്നലെ നിഫ്‌റ്റി 23,169.7 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ഐടി സൂചിക രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
അതേ സമയം ഫാര്‍മ മേഖലയെ തീരുവ വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയ ട്രംപിന്റെ നടപടി ഈ മേഖലയിലെ ഓഹരികളുടെ മുന്നേറ്റത്തിന് വഴിവെച്ചു.
നിഫ്‌റ്റി ഫാര്‍മ സൂചിക രാവിലെ മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. എല്ലാ ഇറക്കുമതിക്കും 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് പകരത്തിന് പകരം ചുങ്കം ചുമത്തുകയും ചെയ്‌തു. വിയറ്റ്‌നാമിന് 45 ശതമാനവും തായ്‌ലാന്റിന് 36 ശതമാനവും തായ്‌വാന് 32 ശതമാനവും തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യ തുടര്‍ച്ചയായി നടത്തിപ്പോന്ന ചര്‍ച്ചകള്‍ ട്രംപിനെ കടുത്ത നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെങ്കിലും ഇന്ത്യ തങ്ങളെ ശരിയായ രീതിയിലല്ല പരിഗണിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഏഷ്യന്‍ വിപണികളിലും ഇന്നലെ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ് ദൃശ്യമായത്. ജാപ്പനീസ് ഓഹരി സൂചികയായ നിക്കി മൂന്ന് ശതമാനം ഇടിവ് നേരിട്ടു. ഡോ ജോണ്‍സ് ഫ്യൂച്ചേഴ്‌സ് രണ്ട് ശതമാനം നഷ്‌ടത്തോടെയാണ് വ്യാപാരം ചെയ്തത്.