
ന്യൂയോര്‍ക്ക്: യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കണ്ടെയ്‌നര്‍ കൈമാറ്റം കുറഞ്ഞതായി ഷിപ്പിംഗ് വ്യവസായ മേധാവിയെ ഉദ്ദരിച്ച് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരം കുറയുന്നതായി ഓഷ്യന്‍ നെറ്റ് വര്‍ക്ക് എക്‌സ്പ്രസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറമി നിക്‌സണ്‍ ക്യാപിറ്റല്‍ ലിങ്ക് സിംഗപ്പൂര്‍ മാരിടൈം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തി.
പല യുഎസ് കമ്പനികളും ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ്. ചൈനയില്‍ നിന്ന് യുഎസിലേക്ക് എത്തുന്ന ചരക്കുകളുടെ അളവില്‍ – സെല്‍ ഫോണ്‍ തൊട്ട് ഫര്‍ണീച്ചറുകള്‍ – കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കണ്ടെയനര്‍ വിഹിതം ഏകദേശം 10 ശതമാനം ഇടിവ് നേരിട്ടു.
മോശം രാഷ്ട്രീയ അന്തരീക്ഷമാണ് വ്യാപാരത്തെ ബാധിച്ചത്.
തായ് വാന്‍ മുതല്‍ ചൈനീസ് ചാര ബലൂണ്‍ യുഎസ് വെടിവെച്ചിട്ടത് വരെയുള്ള പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.
ഇതോടെ യൂറോപ്പ് ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര പങ്കാളികളുമായി യുഎസ് ബന്ധം വര്‍ദ്ധിപ്പിച്ചു. മാത്രമല്ല, ഇന്ത്യപോലുള്ള രാഷ്ട്രങ്ങളും ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നു. മെഡിറ്ററേനിയന്‍, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ഷിപ്പിംഗ് ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.