സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്രബാങ്കുകള്‍ കര്‍ശന നടപടികളെടുക്കണം: ഗീത ഗോപിനാഥ്

ദാവോസ്: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം നിലവില്‍ കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥയും മലയാളിയുമായ ഗീത ഗോപിനാഥ് പറഞ്ഞു. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വേദിയില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിലവിലെ വളര്‍ച്ചാ അനുമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയ്‌ക്കെതിരായ കരുതലാണെന്നും അവര്‍ പറഞ്ഞു.
റഷ്യ – ഉക്രൈന്‍ യുദ്ധം രൂക്ഷമായാല്‍ ഉപരോധങ്ങളും മറു ഉപരോധങ്ങളുമുണ്ടാകും, വരാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവേ അവര്‍ പറഞ്ഞു. പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനവും ചൈനയിലെ കോവിഡ് ലോക്ഡൗണുകളുമാണ് മറ്റ് പ്രശ്‌നങ്ങള്‍. ഇത്തരം പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് അന്താരാഷ്ട്ര നാണയ നിധി ആഗോള വളര്‍ച്ചാ അനുമാനം 4.4 ശതമാനത്തില്‍ നിന്നും 3.6 ശതമാനമായി കുറച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നഷ്ടസാധ്യതകള്‍ പലയിടത്തും പലതാണ്. ഈ അവസരത്തില്‍ ഇത്രയെങ്കിലും വളര്‍ച്ചാ നേടാനാണ് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്. യൂറോപ്പിലെ പല രാജ്യങ്ങളും സാങ്കേതികമായി മാന്ദ്യത്തിലകപ്പെട്ടുകഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. പണപ്പെരുപ്പം കുറച്ചുകാലത്തേയ്ക്കുകൂടി കേന്ദ്രബാങ്ക് അനുമാനത്തെ കവിഞ്ഞ് വളരും. രാജ്യങ്ങള്‍ സത്വര നടപടിയെടുക്കേണ്ട ഗുരുതര പ്രശ്‌നം പണപ്പെരുപ്പമാണ്. കേന്ദ്രബാങ്കുകള്‍ ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണം, അവര്‍ ഓര്‍മ്മിപ്പിച്ചു.

X
Top