
ന്യൂഡല്‍ഹി: ഐഐഎല്‍എഫ് വെല്‍ത്ത് ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായിരിക്കയാണ് വ്യവസായിയും അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണുമായ ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് നേട്ടം. അദാനിയുടെ സമ്പത്ത് വര്‍ഷത്തില്‍ 116 ശതമാനം അഥവാ 5.88 ലക്ഷം കോടി വര്‍ധിച്ച് 10.94 ലക്ഷം കോടി രൂപയായപ്പോള്‍ മുകേഷ് അംബാനിയ്ക്ക് 7.94 ലക്ഷം കോടി രൂപയുടെ സമ്പത്താണ് രേഖപ്പെടുത്താനായത്.
വര്‍ഷത്തില്‍ 11 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 115 ശതമാനവും സ്വത്തുയര്‍ത്താന്‍ അംബാനിയ്ക്ക് സാധിച്ചു. ലോകത്തിലെ വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ, സൈറസ് എസ് പൂനാവാലയാണ് 41,700 കോടി രൂപയുമായി മൂന്നാം സ്ഥാനത്തെത്തിയത്. ശിവ് നാടാര്‍, രാധാകൃഷ്ണന്‍ ദമാനി, വിനോദ് ശാന്തിലാല്‍ അദാനി എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയപ്പോള്‍ ദിലീപ് ഷാംഗ്‌വി, ഉദയ് കൊട്ടക് എന്നിവര്‍ ആദ്യ പത്തില്‍ പ്രവേശിച്ചു.
ജയ് ചൗധരിയും കെഎം ബിര്‍ളയും പുറന്തള്ളപ്പെട്ടു.കിരണ്‍ മുസുംദാര്‍ഷായെ പിന്തള്ളി നൈകയുടെ ഫാല്‍ഗുനി നയ്യാര്‍ സമ്പന്നയായn ഇന്ത്യക്കാരിയായി. ആദ്യ നൂറിലെത്താനും അവര്‍ക്ക് സാധിച്ചു.
മൊത്തം 14 വ്യക്തികള്‍ പുതിയതായി ആദ്യ നൂറില്‍ കയറിയപ്പോള്‍ സെപ്‌റ്റോ സ്ഥാപകയായ കൈവല്യ വോഹ്‌റയാണ് പ്രായം കുറഞ്ഞ സമ്പന്ന.19 വയസ്സാണ് വോഹ്‌റയുടെ പ്രായം. 90കളില്‍ ജനിച്ച 13 വ്യക്തികളാണ് ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിന്നുള്ള 43 പേര്‍ പട്ടികയിലെത്തിയിട്ടുണ്ട്. ഡിഎല്‍എഫിന്റെ രാജീവ് സിംഗും കുടുംബവുമാണ് 61,300 കോടി രൂപയുടെ ആസ്തിയുമായി റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരില്‍ മുന്നിലെത്തിയത്.






