എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഗഗൻയാൻ ആദ്യ വിക്ഷേപണത്തിന് ഒരുക്കങ്ങൾ തുടങ്ങി; അടുത്തവർഷം ആദ്യം ആളില്ലാ ക്രൂ മൊഡ്യൂൾ വിക്ഷേപണം

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ മാർക്ക്-3 (എച്ച്‌.എല്‍.വി.എം.3) യുടെ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍ തുടങ്ങി.

അടുത്തവർഷം ആദ്യമായിരിക്കും ആളില്ലാത്ത ക്രൂ മൊഡ്യൂള്‍ വഹിച്ചുള്ള വിക്ഷേപണം.
റോക്കറ്റില്‍ മനുഷ്യനെ വഹിക്കുന്ന ക്രൂ മൊഡ്യൂളിന്റെ വിക്ഷേപണവും വീണ്ടെടുക്കലും 2014 ഡിസംബർ 18-ന് ഐ.എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ചിരുന്നു.

അതിന്റെ പത്താം വാർഷികദിനത്തിലാണ് എച്ച്‌.എല്‍.വി.എം. 3 റോക്കറ്റ് കൂട്ടിയോജിപ്പിക്കുന്നതിന് തുടക്കമിട്ടത്. റോക്കറ്റിന്റെ മോട്ടോർഭാഗം നിർമാണശാലയില്‍നിന്ന് കഴിഞ്ഞദിവസം ശ്രീഹരിക്കോട്ടയിലെത്തിച്ചിരുന്നു. എസ്. 200 മോട്ടോറിന്റെ മുകള്‍ഭാഗം ഘടിപ്പിക്കുന്ന ജോലിയാണ് ബുധനാഴ്ച തുടങ്ങിയത്.

എല്‍.വി.എം. എന്ന് പേരുമാറ്റിയ ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യെ മനുഷ്യനെ വഹിക്കാവുന്ന രീതിയില്‍ പരിഷ്കരിച്ചതാണ് എച്ച്‌.എല്‍.വി.എം. 3 റോക്കറ്റ്.

43 മീറ്റർ ഉയരവും 640 ടണ്‍ ഭാരവും മൂന്നുഘട്ടങ്ങളുമുള്ള റോക്കറ്റിന് പത്തുടണ്‍ ഭാരമുള്ള പേടകം ബഹിരാകാശത്തെത്തിക്കാൻ കഴിയും. ഇതില്‍ ഘടിപ്പിക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ നിർമാണവും പരിശോധനയും തിരുവനന്തപുരം വി.എസ്.എസ്.സി.യില്‍ പുരോഗമിക്കുകയാണ്.

ബഹിരാകാശപേടകത്തില്‍ മൂന്നുസഞ്ചാരികളെ ഭൂമിയില്‍നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനുള്ള യാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ആളില്ലാത്ത ക്രൂ മൊഡ്യൂള്‍ ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷമായിരിക്കും മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശയാത്ര.

വിക്ഷേപിച്ച ക്രൂ മൊഡ്യൂള്‍ വീണ്ടെടുക്കുന്നത് പരീക്ഷിച്ച 2018-ലെ എല്‍.വി.എം. 3 -എക്സ് ദൗത്യത്തിന്റെ വിജയത്തിനുശേഷമാണ് കേന്ദ്രസർക്കാർ ഗഗൻയാനിന് പച്ചക്കൊടി കാണിച്ചത്.

ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ. മേധാവി ഡോ. എസ്. സോമനാഥ് ആയിരുന്നു എല്‍.വി.എം.3 -എക്സ് മിഷൻ ഡയറക്ടർ. ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടറായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരായിരുന്നു അന്നത്തെ ദൗത്യത്തിന്റെ പേ ലോഡ് ഡയറക്ടർ.

X
Top