
ഇന്ത്യൻ കാർ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വിലവർധിക്കും. 32,500 രൂപവരെയുള്ള വർധനയുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു.
വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകള്‍ കാരണമാണ് വില വർദ്ധനയെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.
‘ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വർദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാൻ ഞങ്ങള്‍ നിർബന്ധിതരാകുന്നു’ കമ്പനിയുടെ വിശദീകരണത്തില്‍ പറയുന്നു.
പുതുക്കിയ നിരക്കനുസരിച്ച് സെലേറിയോയ്ക്ക് എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇൻവിക്റ്റോയുടെ വില 30,000 രൂപ വരെയും വർദ്ധിക്കും.
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില വർധിക്കും.
ആള്‍ട്ടോ കെ10ന്റെ വിലയില്‍ 19,500 രൂപവരെ വർധിക്കും. ഫ്രോങ്സിന് 5,500 രൂപയും ഡിസൈറിന് പതിനായിരം രൂപവരെയും വർധിക്കും.