മുംബയ്: തുടർച്ചയായി ആറ് മാസം ഇന്ത്യൻ ആഭ്യന്തര ഓഹരി വിപണികളിൽ വാങ്ങൽ നടത്തി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍.പി.ഐ) സെപ്തംബറിൽ വിൽപ്പനയിലേക്ക് നീങ്ങി. 14,767 കോടി രൂപയുടെ അറ്റ വില്പനയാണ് എഫ്‍.പി.ഐകൾ കഴിഞ്ഞ മാസം നടത്തിയത്.
ഡോളറിന്റെ മൂല്യം, യു.എസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ വർദ്ധനവ്, ക്രൂഡ് ഓയിൽ വില വർദ്ധനവ് എന്നിവയാണ് പ്രധാനമായും എഫ്‍.പി.ഐകളുടെ പിൻമാറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. ഇക്വിറ്റികളിലേക്കുള്ള എഫ്.പി.ഐ വരവ് ആഗസ്റ്റിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു.
മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ എഫ്.പിഐകൾ തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ രേഖപ്പെടുത്തുകയും ചെയ്തു.
സെപ്തംബറിൽ രാജ്യത്തിന്റെ ഡെറ്റ് വിപണിയിൽ പക്ഷേ 938 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍.പി.ഐ നടത്തിയത്. ഇതോടെ, ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്‍.പി.ഐകളുടെ മൊത്തം നിക്ഷേപം 1.2 ലക്ഷം കോടി രൂപയിലും ഡെറ്റ് മാർക്കറ്റിലെ നിക്ഷേപം 29,000 കോടി രൂപയിലും എത്തി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം, ആർ.ബി.ഐയുടെ ഒക്‌ടോബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക നയം, സെപ്തംബർ പാദത്തിലെ വരുമാന പ്രഖ്യാപനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും ഇന്ത്യയിലേക്കുള്ള എഫ്.പി.ഐ ഒഴുക്കെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഡോളർ സൂചിക 107ന് അടുത്ത് എത്തിയതും യു.എസ് ബോണ്ട് യീൽഡിൽ സ്ഥിരമായ വർദ്ധനവുണ്ടായതും എഫ്.പി.ഐ വില്പന കൂടാൻ കാരണമായി. കൂടാതെ, ഉയർന്ന ക്രൂഡ് വില, പണപ്പെരുപ്പ ആശങ്ക, പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഉയർന്ന തലത്തിൽ തുടരുമെന്ന പ്രതീക്ഷ എന്നിവയും വിദേശ നിക്ഷേപകർ ജാഗ്രതയോടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നു.
കൂടാതെ, ഇന്ത്യയിലെ മൺസൂൺ കാലവർഷത്തിലെ അനിശ്ചിതാവസ്ഥയും എഫ്‍.പി.ഐ വരവിനെ ബാധിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡി.ഐ.ഐ) വാങ്ങലുകാരായി നിന്നതു കാരണം എഫ്.പി.ഐകളുടെ വില്പനയുടെ ആഘാതം വിപണികളെ ബാധിച്ചില്ല.