മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് മെയ്മാസത്തിലും വിദേശ നിക്ഷേപകര്‍ തുടര്‍ന്നു. 40,000കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞമാസം അവര്‍ പിന്‍വലിച്ചത്. തുടര്‍ച്ചയായ എട്ടാംമാസമാണ് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ അറ്റവില്‍പ്പനക്കാരാകുന്നത്.
ഫെഡറല്‍ റിസര്‍വിന്റെ ആസന്നമായ പലിശനിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കയുമാണ് പണം പിന്‍വലിക്കാന്‍ വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഈവര്‍ഷം മൊത്തത്തില്‍ പിന്‍വലിച്ച തുക 1.69 ലക്ഷം കോടി രൂപയാണ്. ആഗോളരാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഉയരുന്ന പണപ്പെരുപ്പം, കേന്ദ്രബാങ്കുകളുടെ കര്‍ശനമായ പണനയം എന്നിവ വിലയിരുത്തുമ്പോള്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരാനാണ് സാധ്യതയെന്ന് കോടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
ഒക്ടോബര്‍ തൊട്ടുള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 2.07 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. പണപ്പെരുപ്പം വര്‍ധിക്കുന്നതനുസരിച്ച് ബോണ്ട് യീല്‍ഡ്, ഡോളര്‍ നിരക്ക് വര്‍ധിക്കുന്നതാണ് വിദേശനിക്ഷേപകരെ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ അരക്ഷിതാവസ്ഥ കൂടുതല്‍ സുരക്ഷിത നിക്ഷേപം തേടാന്‍ അവരെ പ്രേരിപ്പിക്കുന്നു.
അതേസമയം വിദേശനിക്ഷേപകര്‍ പിന്‍വലിയുന്നതിനാല്‍ രൂപയുടെ മൂല്യവും ദൈനംദിനം ഇടിയുകയാണ്. നിലവില്‍ 77.61 നിരക്കിലാണ് രൂപയുള്ളത്.