
സ്റ്റുഡൻ്റ്, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആരംഭിച്ച സെൻറർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൻ്റെ (CLAS) അക്കാദമിക് പ്രോഗ്രാമുകൾ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
2022- 23 വർഷത്തെ പ്രോഗ്രാമുകൾക്കാണ് ധനമന്ത്രി തുടക്കം കുറിച്ചത്.
സ്റ്റുഡൻ്റ്, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്ക് സർക്കാർ മുന്തിയ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ഇത് വിദ്യാഭ്യാസ മേഖലയെ മാറ്റി മറിക്കും. അതിനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും.
താരതമ്യമില്ലാത്ത വിഭവശേഷിയാണ് ലാറ്റിൻ അമേരിക്കക്കുള്ളത്. അത് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരള യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച ചടങ്ങിൽ സെൻറർ ഡയറക്ടർ ഡോ: ഗിരീഷ് കുമാർ ആർ. അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ലാറ്റിൻ അമേരിക്കൻ സ്റ്റഡി സെൻ്ററാണ് ഇത്.
കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർമാരായ അഡ്വ: കെ. എച്ച്. ബാഹുജൻ, ഡോ: എസ്. നസീബ്, രജിസ്ട്രാർ ഡോ: കെ. എസ്. അനിൽകുമാർ, സോഷ്യൽ സയൻസസ് ഡീൻ ഡോ: കെ. എം. സജാദ് ഇബ്രാഹിം, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടർ ഡോ: ജോസ്കുട്ടി സി. എ. തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റുഡൻറ്സ് എക്സ്ചേഞ്ച് പ്രോഗ്രാം, ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, ഫീസിബിലിറ്റി സ്റ്റഡീസ് / റിസർച്ച് പ്രൊജക്ട്സ്, ട്രാൻസ് ലേഷൻ ഫെല്ലോഷിപ്പ് എന്നിവയാണ് സെൻററിൽ ഇക്കൊല്ലം ആരംഭിക്കുന്ന പ്രോഗ്രാമുകൾ.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് അക്കാദമിക് സെഷനുകളും സംഘടിപ്പിച്ചു.
കൃഷി താരതമ്യ പഠനം സംബന്ധിച്ച ആദ്യ സെഷനിൽ പ്ലാനിങ് ബോർഡ് മെമ്പർ പ്രൊഫ: ജിജു പി. അലക്സ് മുഖ്യ പ്രഭാഷണം നടത്തി. സാംസ്ക്കാരിക, വിദ്യാഭ്യാസ വിനിമയം എന്ന വിഷയത്തിൽ നടന്ന രണ്ടാം സെഷനിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ആൻ്റ് ടെക്നോളജി ഡയറക്ടർ ബി. അബുരാജ് അധ്യക്ഷത വഹിച്ചു.
ഭൂമിശാസ്ത്രപരമായി അകലമേറെയുണ്ടെങ്കിലും സാംസ്ക്കാരികമായ അടുപ്പം ഇന്ത്യക്ക് പൊതുവെയും, കേരളത്തിന് പ്രത്യേകിച്ചും ലാറ്റിൻ അമേരിക്കയുമായുണ്ട്. സാഹിത്യം, സിനിമ, ഫുട്ബോൾ, രാഷ്ട്രീയം, കൃഷി, വാണിജ്യം എന്നിവയിലെല്ലാം ഈ ഇഴയടുപ്പം വളരെ പ്രകടമായി കാണാം. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് എന്നും ലാറ്റിൻ അമേരിക്കൻ ടീമുകളോടും ശൈലിയോടും അഭിനിവേശം അല്പം കൂടുതലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീന ജേതാക്കളായ ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് നോക്കിയാൽ തന്നെ ഇത് ബോധ്യമാകും.
ഏകാന്തതയുടെ നൂറു വർഷങ്ങൾ എഴുതിയ ഗബ്രിയേൽ ഗാർസിയ മാർക്വേസ് മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ മാജിക്കൽ റിയലിസം മലയാളികൾ നെഞ്ചേറ്റു വാങ്ങി. ഒ. വി. വിജയൻ മലയാളത്തിൽ ആ സാഹിത്യ രൂപത്തെ പുനരാവിഷ്ക്കരിച്ചു. എൻ. എസ്. മാധവൻ്റെ ഹിഗ്വിറ്റയ്ക്കുമുണ്ട് തെക്കനമേരിക്കൻ പശ്ചാത്തലം.
കഴിഞ്ഞ ദിവസം സമാപിച്ച കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അടക്കം ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾക്ക് ഇവിടെ വലിയ സ്വീകാര്യത ലഭിക്കുന്നു. കേരളത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളും, മലയാളിയുടെ പ്രത്യയശാസ്ത്ര അവബോധവും ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ ചിന്തകളോട് ചേർന്ന് പോകുന്നതാണ്. കൂടുതൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അടുത്ത കാലത്ത് ഈ നിലപാടുള്ള ഭരണകൂടങ്ങളെ അധികാരത്തിലേറ്റി. ജനാധിപത്യ പോരാട്ടങ്ങളിലും, ബദൽ വികസന മാതൃകകളിലും സമാനതകൾ ഏറെ.
കേരള യൂണിവേഴ്സിറ്റിയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന സെൻറർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ് (CLAS) വിവിധ മേഖലകളിലുള്ള പഠന, ഗവേഷണ, വിനിമയ, പങ്കാളിത്ത സാധ്യതളെ സമഗ്രമായി അഭിസംബോധന ചെയ്യും.