ന്യൂഡൽഹി: രാജ്യത്തെ നികുതികൾ(Tax) പൂജ്യം ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹമെന്ന് ധനമന്ത്രി(Finance Minister) നിർമല സീതാരാമൻ(Nirmala Sitharaman). എന്നാൽ, ഇന്ത്യ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതൊക്കെ മറികടന്നാൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാവുവെന്നും ധനമന്ത്രി പറഞ്ഞു.
വരുമാനം ഉണ്ടാക്കുകയാണ് തന്റെ ജോലിയെന്നും അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ റിസേർച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന.
പാരീസ് ഉടമ്പടി നടപ്പാക്കാൻ പണം വരുന്നതിനായി ഇന്ത്യക്ക് കാത്തിരിക്കാനാവില്ല. സ്വന്തം പണം ഉപയോഗിച്ച് ഉടമ്പടി നടപ്പിലാക്കേണ്ടി വരും. ഇത് തന്നെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാണ്.
എന്തുകൊണ്ടാണ് ഇത്രയും കൂടുതൽ നികുതി, ഇത് കുറക്കാത്തതെന്താണ് തുടങ്ങിയ ജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് താനാണ് ഉത്തരം പറയേണ്ടതെന്നും നിർമല സീതാരാമാൻ പറഞ്ഞു.
നികുതിയിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഗവേഷണത്തിനും വികസനത്തിനുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഗവേഷക വിദ്യാർഥികൾ ഇന്ത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കണം.
ബി.എസ്.എൻ.എല്ലിൽ വൈകാതെ 5ജി സാങ്കേതികവിദ്യ ലഭ്യമാകും. പൂർണമായും പ്രാദേശികമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബി.എസ്.എൻ.എല്ലിൽ 5ജി നടപ്പാക്കുക.