
മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒട്ടറേ കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചപ്പോള്‍ 17 കമ്പനികളില്‍ വിദേശ നിക്ഷേപം കുറഞ്ഞു. വിപണിയിലെ പല പ്രമുഖ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ `ഹിറ്റ് ലിസ്റ്റി’ല്‍ പെട്ടു.
541 കമ്പനികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചപ്പോള്‍ 17 കമ്പനികളിലാണ് ഓഹരി പങ്കാളിത്തം കുറച്ചത്. ഈ 17 ഓഹരികള്‍ 2023ല്‍ ഇതുവരെ 82 ശതമാനം വരെ തിരുത്തല്‍ നേരിട്ടു.
സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ്, പിവിആര്‍ ഇനോക്‌സ്, തൈറോകെയര്‍ ടെക്‌നോളജീസ്, ഇന്‍ഡസ് ടവേഴ്‌സ്, ആവാസ് ഫിനാന്‍സിയേഴ്‌സ്, ബൈറ്റ്‌കോം ഗ്രൂപ്പ്, വക്രാംഗി, എന്‍ഡിടിവി, അദാനി ടോട്ടല്‍ ഗ്യാസ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം കുറച്ച 17 കമ്പനികളില്‍ ഉള്‍പ്പെടുന്നു.
ബൈറ്റ്‌കോം ഗ്രൂപ്പ്, തൈറോകെയര്‍ ടെക്‌നോളജീസ് എന്നീ കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ആറ് ശതമാനത്തിലേറെ കുറഞ്ഞു.
ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, പിവിആര്‍ ഇനോക്‌സ്, പിരമാള്‍ ഫാര്‍മ, ക്രോംപ്‌റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ എന്നീ കമ്പനികളില്‍ നാല് ശതമാനത്തിലേറെയാണ് ഓഹരി പങ്കാളിത്തം കുറച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.24 ശതമാനം ഓഹരി പങ്കാളിത്തം കുറച്ച അദാനി ടോട്ടല്‍ ഗ്യാസ് 2023ല്‍ ഇതുവരെ 82 ശതമാനം ഇടിവാണ് നേരിട്ടത്.