
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും, പ്രധാന തുണിത്തരങ്ങളുടെ കയറ്റുമതി 2025 ജൂലൈയില്‍ 5.37 ശതമാനം വര്‍ധിച്ച് 3.10 ബില്യണ്‍ യുഎസ് ഡോളറിലെത്തി.സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചതാണിത്.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.94 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
“ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ തുണിത്തര കയറ്റുമതി പോസിറ്റീവ് വളര്‍ച്ചാ പാത പിന്തുടരുന്നു. ഇത് തൊഴില്‍, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവയുടെ വളര്‍ച്ചയില്‍ മേഖലയുടെ പങ്ക് വെളിപെടുത്തുന്നു,” ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് & സ്റ്റാറ്റിസ്റ്റിക്‌സ് (ഡിജിസിഐഎസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍-ജൂലൈ കാലയളവിലെ മൊത്തം തുണിത്തര കയറ്റുമതി 12.18 ബില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷത്തിലെ 11.73 ബില്യണ്‍ യുഎസ് ഡോളറിനെ അപേക്ഷിച്ച് 3.8 ശതമാനം വളര്‍ച്ച.
ജൂലൈയില്‍ ആറ് പ്രധാന ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്ന ഗ്രൂപ്പുകളുടെ മൊത്തം കയറ്റുമതി 3.1 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞപ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചണം, പരവതാനികള്‍, കരകൗശല വസ്തുക്കള്‍ എന്നിവ മികച്ച സംഭാവന നല്‍കി. റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി കഴിഞ്ഞമാസം 1.34 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.75 ശതമാനം വളര്‍ച്ചയാണിത്. ഏപ്രില്‍-ജൂലൈ മാസങ്ങളിലെ രാജ്യത്തിന്റെ മൊത്തം കയറ്റുമതി 5.53 ബില്യണ്‍ ഡോളര്‍. 7.87 ശതമാനം വളര്‍ച്ച.






