സമ്മർദങ്ങൾക്ക് അടിമപ്പെട്ട് എണ്ണ. പ്രമുഖ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ദുർബലമായ ഇന്ധന ആവശ്യകതയും, പ്രമുധ ഉൽപ്പാദരകയ യുഎസിൽ നിന്നുള്ള തുടർച്ചയായ ഇൻവെന്ററി ഇടിവും എണ്ണവിപണിയെ അസ്ഥിരമാക്കുന്നു.
ഇൻവെന്ററികൾ ഇടിഞ്ഞെങ്കിലും ഉൽപ്പാദനം ഏറെക്കുറെ സ്ഥായിയായ നിലനിൽക്കുന്നുവെന്നത് വിലയിൽ സമ്മർദം കടുപ്പിക്കുന്നു.
ഒപെക്ക് പ്ലസ് ഒക്‌ടോബർ മുതൽ ഉൽപ്പാദന നിയന്ത്രണത്തിൽ അയവ് വരുത്തുമെന്നാണ് റിപ്പോർട്ട. അങ്ങനെയെങ്കിൽ വിലയിലെ സമ്മർദം വീണ്ടും കടുത്തേയ്ക്കും. ലിബിയ ഉൽപ്പാദനവും, കയറ്റുമതിയും അവസാനിപ്പിച്ചതും, റഷ്യ- യുക്രൈൻ യുദ്ധവും, ഇസ്രായേൽ- ഹമാസ് പോരുമാണ് എണ്ണയിലെ വൻ പതനത്തെ അകറ്റി നിർത്തുന്നത്.
ഇതിനിടെ വിദഗ്ധർ എണ്ണയിലെ പ്രവചനങ്ങൾ തിരുത്തി. 2024 -ൽ ബ്രെന്റ് ക്രൂഡ് ഒരു ബാരലിന് ശരാശരി 82.86 ഡോളറായിരിക്കുമെന്ന് റോയിട്ടേഴ്സ് സർവെ പറയുന്നു. ജൂലൈയിലെ പ്രവചനം 83.66 ഡോളറായിരുന്നു. തുടർച്ചയായി നാലാമത്തെ തവണയാണ് പ്രവചനങ്ങളിൽ ഇടിവുണ്ടാകുന്നത്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 76.37 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 73.05 ഡോളറാണ്.
ഈ വർഷം യുഎസ് ക്രൂഡിന്റെ ശരാശരി വില 78.82 ഡോളറായിരിക്കുമെന്ന് വോട്ടെടുപ്പ് കാണിക്കുന്നു. കഴിഞ്ഞ മാസത്തെ എസ്റ്റിമേറ്റായ 79.22 ഡോളറിനേക്കാൾ താഴെയാണ് ഇതും.
ജിയോപൊളിറ്റിക്കൽ പിരിമുറുക്കം വർധിച്ചിട്ടും, ഈ വർഷം ഇതുവരെ എണ്ണ വില ബാരലിന് 90 ഡോളറിൽ താഴെ തുടരുന്നുവെന്നതും പ്രധാനമാണ്. 2024 -ലെ ആഗോള എണ്ണ ഡിമാൻഡ് വളർച്ചയെക്കുറിച്ചുള്ള പ്രവചനവും ഒപെക് വെട്ടിക്കുറച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ്, റഷ്യ- യുക്രൈൻ സംഘർഷങ്ങൾ തുടരുന്നതു വെല്ലുവിളി തന്നെയാണ്. ലിബിയയുടെ വിഹിതം ഒറ്റയടിക്ക് നിന്നതും തലവേദന തന്നെ. പക്ഷെ ഡിമാൻഡ് ആശങ്കകൾ ശക്തമായി നിലനിൽക്കുന്നത് വില താഴെ തുടരാൻ നിർബന്ധിതമാക്കുന്നു.
ആഗോള എണ്ണവില താഴ്ന്നിരിക്കുന്നത് വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതും ബ്രെന്റിന്റെ ആവശ്യകത കുറയാനുള്ള കാരണമാണ്.
നിലവിലെ സാഹചര്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നേട്ടം തന്നെ. എണ്ണവില 80 ഡോളറിൽ താഴെ തുടരുന്നത് ആശ്വാസമാണ്. അടുത്ത മാസത്തോടെ ഒപെക്ക് ഉൽപ്പാദനം വർധിക്കും.
പക്ഷെ റഷ്യ- യുക്രൈൻ യുദ്ധം ഇപ്പോഴും ഇരുതല മൂർഛയുള്ള വാളാണ്. മിഡിൽ ഈസ്റ്റ് സംഘർഷം യുദ്ധത്തിലേയ്ക്ക് മാറിയാലും കാര്യങ്ങൾ കൈവിടും.