
മുംബൈ: ബിസിനസ് വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് എസ്പയർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്. നിക്ഷേപത്തിലൂടെ 2023 ഡിസംബറോടെ 20 ഹോട്ടലുകളും 700 ലധികം മുറികളും കൂട്ടിച്ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.
വിപുലീകരണത്തിനായി അടുത്ത നാല് വർഷത്തേക്ക് 550 കോടി രൂപയുടെ കാപെക്‌സ് കമ്പനി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് എസ്പയർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഖിൽ അറോറ പിടിഐയോട് പറഞ്ഞു. നിലവിലുള്ള ഹോട്ടലുകൾ നവീകരിക്കുന്നതിനും പുതിയത് പാട്ടത്തിനെടുക്കുന്നതിനുമായി ഘട്ടം ഘട്ടമായി ഫണ്ട് ഉപയോഗിക്കുമെന്ന് അറോറ പറഞ്ഞു.
നിലവിൽ എസ്പയർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് അതിന്റെ ബ്രാൻഡുകളിലുടനീളമായി 318 മുറികളുണ്ട്. കൂടാതെ ഗ്രൂപ്പിന് നിലവിൽ ഉത്തരാഖണ്ഡിലെ ഭീംതൽ, ജിം കോർബറ്റ്, പഞ്ചാബിലെ അമൃത്സർ എന്നിവിടങ്ങളിലായി ആറ് പ്രവർത്തന ഹോട്ടലുകളും കന്നി ബ്രാൻഡായ സാന ലേയ്ക്ക് ഒരു റിസോർട്ടുമുണ്ട്. 2023 ഡിസംബറോടെ പോർട്ട്‌ഫോളിയോയിലേക്ക് 14 ഹോട്ടലുകൾ കൂടി ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.
നിക്ഷേപത്തിനുള്ള ഫണ്ടിന്റെ ഭൂരിഭാഗവും ആന്തരിക സമാഹരണം വഴിയും 15 ശതമാനം ബാങ്ക് വായ്പകളിലൂടെയും സമാഹരിക്കുമെന്ന് അറോറ പറഞ്ഞു. നിലവിലുള്ള ബ്രാൻഡുകൾക്ക് പുറമെ കൺട്രി ഇൻ എക്‌സ്‌പ്രസ്, കൺട്രി ഇൻ പ്രീമിയർ എന്നീ രണ്ട് ഉപ ബ്രാൻഡുകൾ പുറത്തിറക്കാൻ എസ്പയർ പദ്ധതിയിടുന്നതായി അറോറ പറഞ്ഞു.





