
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ 9 ശതമാനം വരെ ആദായം നല്‍കി. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളാണ് പ്രകടനത്തില്‍ മുന്നില്‍. പോസിറ്റീവ് കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും തുണയായി.
മാര്‍ക്കറ്റ്‌സ് ഡാറ്റ അനുസരിച്ച്. 578 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ – ഹൈബ്രിഡ് ഫണ്ടുകള്‍ ഒഴികെ-568 എണ്ണം പോസിറ്റീവ് വരുമാനം നല്‍കി. നെഗറ്റീവ് വരുമാനം നല്‍കിയവയില്‍ ഒന്‍പത് എണ്ണം വിദേശ വിപണികളില്‍ നിക്ഷേപിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകളാണ്. 9.02 ശതമാനം വരുമാനം നല്‍കിയ മോതിലാല്‍ ഓസ്വാള്‍ നാസ്ദാക്ക് 100 ഫണ്ട് ഓഫ് ഫണ്ട് (എഫ്ഒഎഫ്) ആണ് മുന്നില്‍.
ഡബ്ല്യുഒസി ഡിജിറ്റല്‍ ഭാരത് ഫണ്ട്, എച്ച്ഡിഎഫ്‌സി ടെക്‌നോളജി ഫണ്ട്, മോതിലാല്‍ ഓസ്വാള്‍ ബിസിനസ് സൈക്കിള്‍ ഫണ്ട്, എസ്ബിഐ ടെക്‌നോളജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, മിറേ അസറ്റ് ഫണ്ട് എന്നിവ യഥാക്രമം 7.58 ശതമാനം, 7.05 ശതമാനം, 6.97 ശതമാനം, 6.79 ശതമാനം, 6.71 ശതമാനം എന്നിങ്ങനെ വരുമാനം നല്‍കിയപ്പോള്‍ ആഗോള ഇലക്ട്രിക് വാഹനങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മിറേ അസറ്റ് ഫണ്ടുകളുടേത് 6.42-6.54 ശതമാനം വരെയായി.
ഇടത്തരം, ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കുന്ന മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഫണ്ടുകളും ശക്തമായ നേട്ടം കൈവരിച്ചു. സുന്ദരം മിഡ്ക്യാപ് ഫണ്ട് 5.28 ശതമാനവും ക്വാണ്ട് സ്‌മോള്‍ക്യാപ് ഫണ്ട് 3.60 ശതമാനവും നേട്ടമാണ് കൈവരിച്ചത്. ഫ്‌ലെക്‌സി വിഭാഗത്തിലെ പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് 3.36 ശതമാനം നേട്ടം സ്വന്തമാക്കി. പോര്‍ട്ട്‌ഫോളിയോ വൈവിദ്യവത്ക്കരിക്കാന്‍ വിദഗ്ധര്‍ നിക്ഷേപകരെ ഉപദേശിക്കുന്നു.
ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ 55 ശതമാനവും മിഡ് ക്യാപ് ഫണ്ടുകളില്‍ 23 ശതമാനവും സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 22 ശതമാനവും വിഹിതം നിലനിര്‍ത്താനാണ് നിര്‍ദ്ദേശം. സ്ഥിരത, വളര്‍ച്ചാ സാധ്യത, ലിക്വിഡിറ്റി എന്നിവ സന്തുലിതമാക്കാന്‍ മിശ്രിതം സഹായിക്കും.






