
ഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഓർഡർ ലഭിച്ചതായി അറിയിച്ച് ഡൈനാക്കൺസ് സിസ്റ്റംസ് & സൊല്യൂഷൻസ്. ഈ ഓർഡറിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 5 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 289.15 രൂപയിലെത്തി.
ഇന്ത്യയിലെ ഏറ്റവും പഴയതും വലുതുമായ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എൽഐസിയ്ക്ക് 5 സോണൽ ഓഫീസുകളും 2048 ബ്രാഞ്ച് ഓഫീസുകളുമുണ്ട്. ഇന്ത്യയിലുടനീളമുള്ള അവരുടെ ഓഫീസുകൾക്ക് വേണ്ടി ഐടി ഇൻഫ്രാസ്ട്രക്ചർ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്.
ഈ ഓർഡറിന്റെ മൊത്തത്തിലുള്ള മൂല്യം ഏകദേശം 105 കോടി രൂപയാണ്. ഇന്ത്യയിലുടനീളമായി ശാഖകളുള്ള 25 വർഷം പഴക്കമുള്ള ഒരു ഐടി കമ്പനിയാണ് ഡൈനാക്കൺസ് സിസ്റ്റംസ് ആൻഡ് സൊല്യൂഷൻസ്. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 326.11 കോടി രൂപയാണ്.






