
മുംബൈ: ഒക്ടോബറില്‍ തുറന്ന പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രാദേശിക ഇക്വിറ്റി വിപണികളിലെ തിരിച്ചുവരവ്, വിദേശ ഫണ്ടുകളുടെ വരവ്, ആസന്നമായ യുഎസ്-ഇന്ത്യ വ്യാപാരക്കരാര്‍ എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു. എന്എസ്ഡിഎല്ലിന്റെയും സിഡിഎസ്എല്ലിന്റെയും ഡാറ്റ പ്രകാരം, കഴിഞ്ഞ മാസം 30 ലക്ഷത്തിലധികം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത് – 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കും സെപ്റ്റംബറിലെ 24.6 ലക്ഷത്തില്‍ നിന്ന് 22 ശതമാനം വര്‍ധനവും. ഇതോടെ, രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 21 കോടിയുടെ റെക്കോര്‍ഡ് കുറിച്ചു. ഒരു മാസം മുമ്പ് ഇത് 20.7 കോടിയായിരുന്നു.
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളിലെ മെച്ചപ്പെട്ട പ്രകടനവും പ്രാരംഭ പബ്ലിക് ഓഫറിംഗുകളുടെ (ഐപിഒ) പ്രളയവുമാണ് വര്‍ദ്ധനവിന് പ്രധാന കാരണം. 10 ഐപിഒകള്‍ 44,930 കോടി രൂപയിലധികമാണ് ഒക്ടോബറില്‍ സമാഹരിച്ചത് – മൂലധന-വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ധനസമാഹരണം.
15,512 കോടി രൂപ സമാഹരിച്ച ടാറ്റ ക്യാപിറ്റലും 11,607 കോടി രൂപ സമാഹരിച്ച എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യയും ഇതിന് നേതൃത്വം നല്കി. ഈ മാസത്തെ മൊത്തം സമാഹരണത്തിന്റെ പകുതിയിലധികവും ഈ രണ്ടു കമ്പനികളുടെയും സംഭാവനയാണ്. ലെന്‍സ്കാര്‍ട്ട് സൊല്യൂഷന്‍സ് (7,278 കോടി രൂപ), വീവര്‍ക്ക് ഇന്ത്യ, കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സ്, ഓര്‍ക്ക്ല ഇന്ത്യ, റൂബിക്കണ്‍ റിസര്‍ച്ച് എന്നിവയാണ് മറ്റ് പ്രമുഖ ലിസ്റ്റിംഗുകള്‍.
സൂചികകളും മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. സെന്‍സെക്സും നിഫ്റ്റിയും 3 ശതമാനം വീതം മുന്നേറിയപ്പോള്‍, ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 4 ശതമാനവും 3 ശതമാനവും ഉയര്‍ന്നു. നിരവധി മാസങ്ങളായി അറ്റ വില്‍പ്പനക്കാരായിരുന്ന വിദേശ സ്ഥാപന നിക്ഷേപകര്‍ ഏകദേശം 1.6 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കി.
അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ തണുപ്പന്‍ പ്രതികരണമാണ് ദൃശ്യമായത്്. 2024 ലെ പ്രതിമാസ ശരാശരിയായ 38 ലക്ഷത്തെ അപേക്ഷിച്ച് ഡീമാറ്റ് തുറക്കലുകള്‍ 2025 ല്‍ 25 ലക്ഷമായി.






