
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) അംഗങ്ങളാകണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി. അതായത്, ഇവര്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) സംഭാവന നല്‍കേണ്ടതുണ്ട്.
1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വ്യവസ്ഥകളും 2008 ലേയും 2010 ലേയും സര്‍ക്കാര്‍ വിജ്ഞാപനങ്ങളും പരിശോധിച്ചതിന് ശേഷമാണ് വിധി.ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ ഇപിഎഫിലേക്ക് സംഭാവന നല്‍കണമെന്ന്് ഇവ നിഷ്‌ക്കര്‍ഷിക്കുന്നു. മാറ്റങ്ങള്‍ ഭരണഘടന സാധുതയുള്ളതാണെന്നും പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
വിധി പ്രകാരം, വിദേശ പൗരന്മാര്‍ക്ക് വിരമിച്ചതിനുശേഷം അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലെത്തിയാല്‍ മാത്രമേ ഇപിഎഫ് തുക പിന്‍വലിക്കാന്‍ കഴിയൂ. ഉയര്‍ന്ന ശമ്പള പരിധിയിലുള്ളവര്‍ക്കും നിയമം ബാധകമാണ്. ഹ്രസ്വകാല നിയമനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിദേശ ജീവനക്കാരെ നിയമം പ്രതികൂലമായി ബാധിക്കും. നിരവധി വിദേശ ജീവനക്കാര്‍ ഇതിനകം രാജ്യം വിട്ടുപോയതിനാല്‍ വിധി ഇന്ത്യന്‍ കമ്പനികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കിയേക്കും.
വിദേശ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ വിഹിതം കുറയ്ക്കുക മാത്രമല്ല, തൊഴിലുടമയുടെ വിഹിതം കമ്പനികള്‍ നല്‍കണമെന്നും വിധി വ്യക്തമാക്കുന്നു. തൊഴിലുടമയുടെ വിഹിതം സാധാരണയായി ജീവനക്കാരന്റെ വിഹിതത്തിന് തുല്യമാണ്. നിയമപ്രകാരം ഇത് നിര്‍ബന്ധമാണ്.
കുടിശ്ശിക രേഖകള്‍ ആവശ്യപ്പെട്ട ഇപിഎഫ്ഒ നടപടി സ്‌പൈസ് ജെറ്റ്, എല്‍ജി ഇലക്ട്രോണിക്‌സ് എന്നിവ ഹൈക്കോടതയില്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ കോടതി ഇവരുടെ എതിര്‍പ്പുകള്‍ നിരസിക്കുകയും ഇപിഎഫ്ഒയുടെ ആവശ്യങ്ങള്‍ നിയമാനുസൃതമെന്ന്് വിധിക്കുകയും ചെയ്തു.
സ്പൈസ്ജെറ്റ്, എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ എന്നീ രണ്ട് കമ്പനികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനും പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക അടയ്ക്കാനും ഇപിഎഫ്ഒ നേരത്തെ ഈ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കുടിശ്ശികയുള്ള തുക കണക്കാക്കാന്‍ എയര്‍ലൈന്‍ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2012 ല്‍ ഇപിഎഫ്ഒ പുറപ്പെടുവിച്ച സമന്‍സ് സ്പൈസ്ജെറ്റ് ചോദ്യം ചെയ്തു. എല്‍ജി ഇലക്ട്രോണിക്സിനും സമാനമായ നോട്ടീസ് ലഭിച്ചു. രണ്ട് കമ്പനികളുടെയും എതിര്‍പ്പുകള്‍ ഡല്‍ഹി ഹൈക്കോടതി നിരസിക്കുകയും ഇപിഎഫ്ഒയുടെ ആവശ്യങ്ങള്‍ നിയമാനുസൃതമാണെന്ന് വിധിക്കുകയും ചെയ്തു.
അതേസമയം ഇത് സംബന്ധിച്ച് വ്യത്യസ്ത വിധികള്‍ നിലവിലുണ്ട്. ഡല്‍ഹി, ബോംബെ ഹൈക്കോടതി വിധികള്‍ സമാനമാണെങ്കിലും കര്‍ണ്ണാടക ഹൈക്കോടതി വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേയ്ക്കും.






