
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 97 തേജസ് എകെ 1എ ഫൈറ്റര്‍ വിമാനങ്ങല്‍ നിര്‍മ്മിക്കാനുള്ള 62370 കോടി രൂപയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍)- പ്രതിരോധ മന്ത്രാലയ കരാര്‍ യാഥാര്‍ത്ഥ്യമായി. തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉത്പന്നങ്ങള്‍ വാങ്ങുക (ഇന്ത്യ-ഐഡിഡിഎം) പദ്ധതിയ്ക്ക് കീഴിലാണ് കരാര്‍.
97 വിമാനങ്ങളില്‍ 68 എണ്ണം ഒറ്റ സീറ്റ് ഫൈറ്റര്‍ വേരിയന്റുകളും 29 എണ്ണം ഇരട്ട സീറ്റ് ട്രെയ്‌നര്‍ വേരിയന്റുകളുമായിരിക്കും. പഴക്കം ചെന്ന മിഗ്-21 വിമാനങ്ങള്‍ക്ക് പകരമാണ് പുതിയവ. ഇത് വ്യോമസേനയുടെ പ്രവര്‍ത്തന ശേഷി ശക്തിപ്പെടുത്തുമെന്ന് കരുതുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അനുവദനീയമായ ഫൈറ്റര്‍ യൂണിറ്റുകള്‍ 42 എണ്ണമാണ്. നിലവില്‍ 31 സ്‌ക്വാഡ്രണ്‍ മാത്രമാണുള്ളത്. പുതിയ തേജസ് എംകെ1എ ജെറ്റുകള്‍ ഈ വിടവ് നികത്തിയേക്കും.
വ്യോമ പ്രതിരോധം, കര ആക്രമണം, സമുദ്ര നിരീക്ഷണം എന്നിവയുള്‍പ്പെടെ ഒന്നിലധികം ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു ലൈറ്റ് കോംബാറ്റ് വിമാനമാണ് തേജസ് എംകെ1എ. എച്ച്എഎല്ലും മറ്റ് ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളും വികസിപ്പിച്ചെടുത്ത ഒറ്റ എഞ്ചിന്‍ ജെറ്റാണിത്. വിമാനത്തില്‍ നിരവധി നൂതന തദ്ദേശീയ സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നു.
ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഇലക്ട്രോണിക് സ്‌ക്കാന്‍ റഡാര്‍ സംവിധാനം ഉത്തം എഇഎസ്എ റഡാര്‍, ശത്രുമിസൈലുകളില്‍ നിന്നും ഇലക്ട്രോണിക് ഭീഷണികളില്‍ നിന്നും പ്രതിരോധിക്കാന്‍ വിമാനത്തെ സഹായിക്കുന്ന കവച് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ആക്യവേറ്ററുകളും ജെറ്റുകളില്‍ ഘടിപ്പിക്കും.
പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, തേജസ് എംകെ1എയില്‍ ഉപയോഗിക്കുന്ന ഘടകങ്ങളില്‍ 64 ശതമാനത്തിലധികവും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. കൂടാതെ, വിമാനത്തിന്റെ സ്വയംപര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിനായി 67 പുതിയ തദ്ദേശീയ ഇനങ്ങള്‍ കൂടി രൂപകല്‍പനയില്‍ ചേര്‍ത്തിട്ടുണ്ട്. 2027-28 സാമ്പത്തിക വര്‍ഷത്തിലായിരിക്കും ജെറ്റുകളുടെ വിതരണം.
തേജസ് എംകെ1 നായി എച്ച്എഎല്ലിന് ലഭ്യമാകുന്ന രണ്ടാമത്തെ കരാറാണിത്. 2021 ഫെബ്രുവരിയില്‍ 83 ജെറ്റുകള്‍ക്കുള്ള 48,000 കോടി കരാര്‍ കമ്പനിയെ തേടി എത്തി. പുതിയ കരാറോടെ വ്യോമസേന ഓര്‍ഡര്‍ ചെയ്ത മൊത്തം എംകെഎ വിമാനങ്ങളുടെ ആകെ എണ്ണം 180 ആയി ഉയര്‍ന്നു.