
ന്യൂഡല്‍ഹി: ജൂലൈ 31 ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ എട്ട് പ്രധാന മേഖലകള്‍ ജൂണില്‍ 8.2 ശതമാനം ഉത്പാദന വളര്‍ച്ച രേഖപ്പെടുത്തി.കല്‍ക്കരി, ക്രൂഡ് ഓയില്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി, രാസവളങ്ങള്‍, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം എന്നീ എട്ട് പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ വളര്‍ച്ച ജൂണില്‍ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. മാത്രമല്ല, ഈ മേഖലകളുടെ മെയ് മാസത്തിലെ വളര്‍ച്ച 5 ശതമാനമായി പരിഷ്‌ക്കരിക്കാനും വാണിജ്യമന്ത്രാലയം തയ്യാറായി.
നേരത്തെ 4.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഏപ്രില്‍ -ജൂണ്‍ കാലയളവിലെ പ്രധാന മേഖല വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 13.9 ശതമാനം വളര്‍ച്ച നേടാന്‍ കോര്‍ സെക്ടറുകള്‍ക്കായിരുന്നു.
ആറ് പ്രധാനമേഖലകളുടെ മെച്ചപ്പെട്ട പ്രകടനമാണ് ജൂണില്‍ ില്‍ പ്രതിഫലിച്ചത്. വളം, സിമന്റ് ഉല്‍പാദനം മാത്രമാണ് ജൂണില്‍ മന്ദഗതിയിലായത്.
എന്നിരുന്നാലും, സിമന്റ് ഉല്‍പാദനം ഇപ്പോഴും 9.4 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
വളം ഉല്‍പാദനം 3.4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കിയെങ്കിലും മെയ് മാസത്തിലെ 9.7 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. മറ്റ് മേഖലകളില്‍ വൈദ്യുതി ഉത്പാദനം 3.3 ശതമാനവും കല്‍ക്കരി ഉത്പാദനം 9.8 ശതമാനവും ഉരുക്ക് 21.9 ശതമാനവും വര്‍ദ്ധിച്ചു.
എന്നാല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം 0.6 ശതമാനം ചുരുങ്ങി. മൊത്തം വ്യവസായിക ഉത്പാദനത്തിന്റെ 40 ശതമാനവും ഈ എട്ട് മേഖലകളുടെ സംഭാവനയാണ്. ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മെയില്‍ 5.8 ശതമാനം വളര്‍ന്നിരുന്നു.






