
മാന്ദ്യം നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് ഉത്തേജനം നല്‍കാനുള്ള ചൈനയുടെ നീക്കം ഇന്ത്യയിലെ മെറ്റല്‍ ഓഹരികളുടെ കുതിപ്പിന് വഴിവെച്ചു. പല അനലിസ്റ്റുകളും മുന്‍നിര മെറ്റല്‍ ഓഹരികളുടെ ഗ്രേഡിംഗ് ഉയര്‍ത്തി.
നിഫ്‌റ്റി മെറ്റല്‍ സൂചിക ചൊവ്വാഴ്‌ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ജെ എസ് ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്, ടാറ്റാ സ്റ്റീല്‍, നാഷണല്‍ അലൂമിനിയം, സെയില്‍ തുടങ്ങിയ മെറ്റല്‍ ഓഹരികള്‍ 4 ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ന്നു.
ബേസ് മെറ്റലുകളുകളുടെ വില കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 10 ശതമാനം ഉയര്‍ന്നതാണ് ഈ ഓഹരികളുടെ മുന്നേറ്റത്തിന് വഴിവെച്ചത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോഴൊക്കെ ശക്തമായ സാമ്പത്തിക ഉത്തേജനം നല്‍കുന്നതാണ് സര്‍ക്കാരിന്റെ രീതി.
നിലവില്‍ പണച്ചുരുക്കം നേരിടുന്ന ചൈനയില്‍ വളര്‍ച്ച തിരികെകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് സര്‍ക്കാര്‍ പുതിയ ഉത്തേജന നീക്കം നടത്തുന്നത്.
മെറ്റല്‍ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന. ചൈനയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നത് ആഗോളതലത്തില്‍ ലോഹ ഡിമാന്റ് ഉയരുന്നതിന് വഴിവെക്കാറുണ്ട്.
ചൈനയുടെ ഉപഭോഗ്‌തൃ വില സൂചിക ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനവും ഉല്‍പ്പാദക വില സൂചിക 4.4 ശതമാനവും ഇടിഞ്ഞതോടെയാണ് പണച്ചുരുക്കം സ്ഥിരീകരിക്കപ്പെട്ടത്.
മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഏറെ നീണ്ടുപോയ ചൈനയിലെ ലോക്‌ഡൗണ്‍ ഈ വര്‍ഷമാദ്യം പിന്‍വലിച്ചതോടെ അവിടുത്തെ സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി പണച്ചുരുക്കത്തില്‍ അകപ്പെട്ടത്.
ഉല്‍പ്പാദക വില സൂചിക 4.1 ശതമാനം ഉയരുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായി. ഇതോടെയാണ് ചൈനീസ് സര്‍ക്കാര്‍ പുതിയ സാമ്പത്തിക ഉത്തേജനത്തിന് മുതിര്‍ന്നത്.






