
ന്യൂയോര്‍ക്ക്: സെന്‍ട്രല്‍ ബാങ്കുകള്‍ വിദേശ കറന്‍സി കരുതല്‍ ശേഖരം കൈകാര്യം ചെയ്യുന്ന രീതി മാറ്റുന്നു. പല രാജ്യങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി ബില്ലുകളിലെ നിക്ഷേപം കുറയ്ക്കുകയും പകരം കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുകയുമാണ്. യുഎസ് ടി-ബില്ലുകള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പുറപ്പെടുവിക്കുന്ന ഹ്രസ്വകാല സര്‍ക്കാര്‍ കട ഉപകരണങ്ങളാണ്. അവ സുരക്ഷിതവും വിശ്വസനീയവുമായി കണക്കാക്കപ്പെടുന്നു. പക്ഷേ അവ യുഎസ് ഡോളറിന്റെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടി-ബില്ലുകളില്‍ നിന്നുള്ള മാറ്റം വൈവിദ്യവത്ക്കരണത്തിന്റെ സൂചനയാണ്. മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ അപകടസാധ്യതകളില്‍ നിന്നുള്ള പരിരക്ഷയും കേന്ദ്രബാങ്കുകള്‍ ലക്ഷ്യം വയ്ക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് ആദ്യമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റായി അധികാരമേറ്റ 2017-മുതലാണ് പ്രവണത ആരംഭിച്ചത്. അതിനുശേഷം, നിരവധി രാജ്യങ്ങള്‍ യുഎസ് ഡോളര്‍ അധിഷ്ഠിത ആസ്തി ശേഖരം കുറച്ചു. രാഷ്ട്രീയ അനിശ്ചിതത്വവും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ആഗ്രഹവുമാണ് മാറ്റത്തിന് കാരണം. ആഗോള പിരിമുറുക്കത്തിന്റെയോ സാമ്പത്തിക അസ്ഥിരതയുടെയോ സമയങ്ങളില്‍ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമാണ്.
ഇന്ത്യ യുഎസ് ടി-ബില്ലുകളുടെ ആകെ തുക ഇന്ത്യ വര്‍ദ്ധിപ്പിച്ചെങ്കിലും സ്വര്‍ണ്ണ ശേഖരം ഇരട്ടിയാക്കി. യുഎസ് ആസ്തികള്‍ ഉപേക്ഷിക്കാതെ തന്നെ സ്വര്‍ണ്ണം ചേര്‍ത്ത്് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പോര്‍ട്ട്‌ഫോളിയോ സന്തുലിതമാക്കി. 2025 ഒക്ടോബര്‍ 10 വരെ102.3 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ സ്വര്‍ണ്ണ ശേഖരം ഒക്ടോബര്‍ 17 ന് 108.5 ബില്യണ്‍ ഡോളറാണ്. ഏഴ് ദിവസത്തിലെ വളര്‍ച്ച 6.2 ബില്യണ്‍ ഡോളര്‍.
സ്വര്‍ണ്ണ വില കുത്തനെ ഇടിഞ്ഞ സമയത്താണ് ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ഉയര്‍ത്തിയത്. ഒക്ടോബര്‍ 21 ചൊവ്വാഴ്ച, സ്വര്‍ണ്ണ വില 6.3 ശതമാനം കുറഞ്ഞിരുന്നു. 2013 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസ ഇടിവായിരുന്നു അത്. ബ്ലൂംബെര്‍ഗില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ആഴ്ചയില്‍ 138.77 ഡോളറിന്റെ ഇടിവ് സ്വര്‍ണ്ണം രേഖപ്പെടുത്തി. വിലയിലെ ഈ കുറവ് കൂടുതല്‍ വാങ്ങലുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.






