
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ് പ്രഖ്യാപിച്ച ‘ഓഹരി ബൈബാക്ക്’ നിക്ഷേപകർക്ക് വൻ ആവേശമാകുന്നു. എൻഎസ്ഇയിൽ ‘ഇൻഫി’ ഓഹരികൾ, വെള്ളിയാഴ്ച്ച വ്യാപാരം തുടങ്ങിയതുതന്നെ മികച്ച നേട്ടത്തോടെ 1,537 രൂപയിൽ. ഒരുഘട്ടത്തിൽ വില 1,542 രൂപവരെ കുതിച്ചുകയറി.
ഓഹരി ബൈബാക്കിനുള്ള റെക്കോർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. അതിനുമുൻപ് ഓഹരികൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് നിക്ഷേപകർ. നിലവിലെ വിലയേക്കാൾ 19% അധികമായി (പ്രീമിയം) ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക്. ഇങ്ങനെ 10 കോടി ഓഹരികൾ ആകെ 18,000 കോടി രൂപയ്ക്കാണ് തിരികെ വാങ്ങുന്നത്; ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്ക്.
നിലവിലെ വില പ്രകാരം കൈവശമുള്ള ഓഹരി, ഇൻഫോസിസിന് മടക്കിക്കൊടുത്ത് വലിയ നേട്ടം സ്വന്തമാക്കാൻ നിക്ഷേപകർക്ക് കഴിയും. ഏറെക്കാലംകൊണ്ട് കിട്ടേണ്ട നേട്ടം ഒറ്റയടിക്ക് ലഭിക്കും. നിലവിൽ പൊതുവിപണിയിലുള്ള കമ്പനിയുടെ ഓഹരികളിൽ 2.41 ശതമാനമാണ് മടക്കിവാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഫോസിസ് വ്യക്തമാക്കി.
ഓഹരി തിരികെ വാങ്ങാനുള്ള നീക്കത്തിന് യുഎസ് ഓഹരി വിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) അനുമതി ലഭിച്ചെന്നും കമ്പനി അറിയിച്ചു.
കമ്പനി സമീപഭാവിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഓഹരികൾ കൂടുതൽ നേട്ടം കൈവരിച്ചേക്കുമെന്നും പണമൊഴുക്ക് കൂടുമെന്നുമുള്ള വലിയ ആത്മവിശ്വാസം മാനേജ്മെന്റിനുണ്ടെന്ന് ബൈബാക്ക് വ്യക്തമാക്കുന്നു. പൊതുവിപണിയിൽ ഓഹരികളുടെ എണ്ണം കുറയുന്നത്, ഓഹരിവിലയും പ്രതി ഓഹരി ലാഭവും (ഏർണിങ്സ് പെർ ഷെയർ/ഇപിഎസ്) കൂടാൻ സഹായിക്കും. ഇൻഫോസിസിന്റെ കൈവശം ഏകദേശം 40,000 കോടി രൂപയുടെ ക്യാഷ് റിസർവുണ്ട്. ഓഹരി ബൈബാക്ക് തീരുമാനം കമ്പനിയുടെ 26 ലക്ഷത്തോളം വരുന്ന നിക്ഷേപകർക്ക് ഗുണം ചെയ്യും.
ഇതിനുമുൻപ് 4 തവണ ഇൻഫോസിസ് ഓഹരി ബൈബാക്ക് നടത്തി. 2022ൽ 9,300 കോടി, 2021ൽ 9,200 കോടി, 2019ൽ 8,260 കോടി, 2017ൽ 13,000 കോടി രൂപ എന്നിങ്ങനെയായിരുന്നു അത്. നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 8.7% വളർച്ചയോടെ 6,921 കോടി രൂപയുടെ ലാഭം ഇൻഫോസിസ് നേടിയിരുന്നു.
വരുമാനം 7.5% ഉയർന്ന് 42,279 കോടി രൂപയിലുമെത്തി. 2025-26ൽ പ്രതീക്ഷിക്കുന്ന വരുമാനവളർച്ച കമ്പനി നേരത്തേ വിലയിരുത്തിയ 0-3 ശതമാനത്തിൽ നിന്ന് 1-3 ശതമാനമായി ഉയർത്തിയിരുന്നു. പ്രതീക്ഷിക്കുന്ന പ്രവർത്തന മാർജിൻ 20-22 ശതമാനവുമാണ്.
കഴിഞ്ഞ ഡിസംബർ 13ന് രേഖപ്പെടുത്തിയ 2,006.45 രൂപയാണ് ഇൻഫോസിസ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. അതിനുശേഷം വലിയ നഷ്ടമാണ് ഓഹരികൾ നേരിട്ടത്. ഈ വർഷം ഏപ്രിൽ 7ന് കുറിച്ച 1,307 രൂപയാണ് 52-ആഴ്ചത്തെ താഴ്ച. കമ്പനിയുടെ വിപണിമൂല്യം 6.33 ലക്ഷം കോടി രൂപ.
ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ പൊതുവേ നഷ്ടത്തിന്റെ ട്രാക്കിൽ. വിദേശ ധനകാര്യ സ്ഥാപനങ്ങളാകട്ടെ (എഫ്ഐഐ) തുടർച്ചയായി ഐടി ഓഹരികൾ വിറ്റൊഴിയുന്നു. ജൂലൈയിൽ 19,901 കോടി രൂപയും ഓഗസ്റ്റിൽ 11,285 കോടി രൂപയുമാണ് അവർ പിൻവലിച്ചത്.
എന്നിട്ടും ഇൻഫോസിസ് ഇപ്പോൾ ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചത് എന്തുകൊണ്ട്?
1) നിക്ഷേപകരിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയാണ് പ്രധാനലക്ഷ്യം.
2) കമ്പനിയുടെ ഭാവി ഭദ്രവും ശോഭനവുമായിരിക്കുമെന്ന ‘കോൺഫിഡൻസ്’ മാനേജ്മെന്റിനുണ്ടെന്ന് നിക്ഷേപകരെ ബോധിപ്പിക്കുകയും ലക്ഷ്യമാണ്.
3) ഐടി രംഗത്ത് പൊതുവേ വിലയിരുത്തുന്നതുപോലെ വലിയ പ്രതിസന്ധിയൊന്നുമില്ലെന്ന് വ്യക്തമാക്കാനും ഇതുവഴി കമ്പനി ഉദ്ദേശിക്കുന്നു.