
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ പ്രമുഖരായ മൊബിക്വിക് (MobiKwik) സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേക്കും ചുവടുവെക്കുന്നു. കമ്പനിയുടെ ഉപസ്ഥാപനമായ മൊബിക്വിക് സ്റ്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (MSBPL) ബിഎസ്ഇയില്‍ (BSE) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ മൊബിക്വിക് ഓഹരികള്‍ 12.5 ശതമാനത്തിലധികം വര്‍ധിച്ച് 227 രൂപ നിലവാരത്തിലെത്തി.
പേയ്‌മെന്റ് ആപ്പില്‍ നിന്ന്
പേയ്മെന്റ് ആപ്പ് എന്ന നിലയില്‍ നിന്ന് ഒരു സമ്പൂര്‍ണ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്‌ഫോമായി മാറാനാണ് മൊബിക്വിക് ലക്ഷ്യമിടുന്നത്. പുതിയ അനുമതിയോടെ ഉപഭോക്താക്കള്‍ക്ക് മൊബിക്വിക് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഓഹരികള്‍ വാങ്ങാനും വിക്കാനും (Stock Broking) സാധിക്കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പുറമെയാണിത്.
സെറോദ (Zerodha), ഗ്രോ (Groww), അപ്സ്റ്റോക്‌സ് (Upstox) തുടങ്ങിയ പ്രമുഖ ബ്രോക്കിംഗ് സ്ഥാപനങ്ങളുമായാകും മൊബിക്വിക് ഇനി നേരിട്ട് ഏറ്റുമുട്ടുക. ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് പുറമെ വായ്പകള്‍ (Lending), ഇന്‍ഷുറന്‍സ്, സ്റ്റോക്ക് ബ്രോക്കിംഗ് എന്നിവ കൂടി ഉള്‍പ്പെടുത്തി വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് കമ്പനി.
2025 ജൂലൈയിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI), എംഎസ്ബിപിഎല്ലിന് (MSBPL) സ്റ്റോക്ക് ബ്രോക്കിംഗ് രജിസ്‌ട്രേഷന്‍ അനുവദിച്ചത്.
ഓഹരിയുടെ പ്രകടനം
കഴിഞ്ഞ ഒരു മാസത്തിനിടെ മൊബിക്വിക് ഓഹരികള്‍ ഏകദേശം 13% വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താല്‍ ഓഹരി വിലയില്‍ 6.45% ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ (YTD) പരിശോധിക്കുമ്പോള്‍, ഈ ഫിന്‍ടെക് ഓഹരി വില 7.59% താഴ്ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31.64% ഇടിവും, 2024 ഡിസംബറിലെ ലിസ്റ്റിംഗിന് ശേഷമുള്ള കണക്കനുസരിച്ച് 56.43% എന്ന വലിയ തകര്‍ച്ചയും ഓഹരി വിലയില്‍ ഉണ്ടായിട്ടുണ്ട്.
ബിഎസ്ഇയിലും എന്‍എസ്ഇയിലും മൊബിക്വിക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2025 മാര്‍ച്ച് 19-ന് രേഖപ്പെടുത്തിയ 354.40 രൂപയണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് (52-week high). എന്നാല്‍, 2026 ജനുവരി 27-ന് ഓഹരി വില അതിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ (52-week low) 190.62 രൂപയില്‍ എത്തിയിരുന്നു.






