
മുംബൈ: ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉത്സവകാല വിപണികളായി മാറുന്നു. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികള്‍ രാഖികളും പൂജാ വസ്തുക്കളും മുതല്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ വരെയുള്ള ഉത്പന്നങ്ങളാണ് വില്‍പന നടത്തുന്നത്. ഉത്സവ സീസണുകളിലെ ഡിമാന്റ് ഉപയോഗപ്പെടുത്താനാണിത്.
കമ്പനികളുടെ വരുമാനത്തിലും ഈ പ്രവണത പ്രതിഫലിക്കുന്നുണ്ട്. എറ്റേര്‍ണലിന്റെ ക്യു-കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് അവരുടെ തന്നെ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയെ ഓര്‍ഡര്‍ മൂല്യത്തില്‍ മറികടന്നു. യഥാക്രമം 11821 കോടി രൂപയും 10769 കോടി രൂപയുമാണ് ഇരുവിഭാഗങ്ങളുടെയും ഒന്നാംപാദ വരുമാനം.
ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റിന്റെ രാഖി വില്‍പന കഴിഞ്ഞ രക്ഷാബന്ധനില്‍ രണ്ടിരട്ടയായപ്പോള്‍ മിനിറ്റില്‍ 820 രാഖികള്‍ വരെ വില്‍പന നടത്തിയതായി സെപ്‌റ്റോ അവകാശപ്പെട്ടു. കല്യാണ്‍ ജ്വല്ലേഴ്‌സുമായി പങ്കാളിത്തമുള്ള സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഫ്‌ലിപ്പ്കാര്‍ട്ട് മിനുറ്റ്‌സും റെക്കോര്‍ഡ് ഗിഫ്റ്റ് പാക്ക് വില്‍പനയാണ് നടത്തിയത്.
ഇനി തുടര്‍ന്നുള്ള ഉത്സവങ്ങള്‍ക്കും വലിയ തോതിലുള്ള വില്‍പനയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ വലിയ തോതിലുള്ള ഡിസ്‌ക്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡിസ്‌ക്കൗണ്ട് 9 ശതമാനം വരെയാണെന്നും ഇത് സാധാരണ കടകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.