ഡൽഹി: ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ സ്ഥാപകൻ തന്റെ പകുതിയോളം ഓഹരികൾ ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് ഇൻകോർപ്പറേറ്റിന്റെയും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും നേതൃത്വത്തിലുള്ള നിക്ഷേപകർക്ക് വിൽക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 16 വർഷം മുമ്പ് ഇന്ത്യാബുൾസ് ഹൗസിംഗ് സ്ഥാപിച്ച സമീർ ഗഹ്‌ലൗട്ട്, പ്രാരംഭ ഘട്ടത്തിൽ ഏകദേശം 11 ശതമാനം ഓഹരികൾ സ്ഥാപനങ്ങൾക്ക് വിൽക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ഇതിനകം തന്നെ കമ്പനിയുടെ ഏകദേശം 7.5% മൂല്യമുള്ള ഓഹരികൾ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ട്രേഡുകളിൽ കൈ മാറിയതായും ഇവർ അറിയിച്ചു.
ഇന്ത്യാബുൾസ് ഹൗസിംഗിന്റെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഇടപാടിന് ഏകദേശം 14 ബില്യൺ രൂപയുടെ മൂല്യം വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ ഇന്ത്യാബുൾസ് ഹൗസിംഗിന്റെയും, ഗെഹ്‌ലൗട്ടിന്റെയും പ്രതിനിധികൾ തയ്യാറായില്ല. 2018-ൽ ഐഎൽ & എഫ്എസ് ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യാബുൾസ് ഹൗസിംഗ് നിക്ഷേപക സൂക്ഷ്മപരിശോധന നേരിടുകയാണ്, ഇത് കമ്പനിയുടെ ദീർഘകാല ക്രെഡിറ്റ് മാർക്കറ്റ് പ്രതിസന്ധിക്ക് കാരണമാക്കിയിരുന്നു. 2018ൽ ഏകദേശം 1,190 രൂപ എന്ന ഉയർന്ന നിരക്കിലെത്തിയതിന് ശേഷം കമ്പനിയുടെ ഓഹരികൾ ഏകദേശം 80% ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഭവനവായ്പ നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. അപ്പാർട്ട്‌മെന്റുകൾ, വീടുകൾ, ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, ടൗൺഷിപ്പുകൾ, മുറികൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും കമ്പനി ധനസഹായം നൽകുന്നുണ്ട്.