
ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ഹെക്‌സാകോമിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ) ന് സെബിയുടെ അനുമതി ലഭിച്ചു. ഐപിഒ ഏപ്രില്‍ ആദ്യവാരം നടന്നേക്കുമെന്നാണ് അറിയുന്നത്.
4300 കോടി രൂപയാണ് ഐപിഒ വഴി ഭാരതി ഹെക്‌സാകോം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 28,000 കോടി രൂപയുടെ വിപണിമൂല്യം ഐപിഒയിലൂടെ കമ്പനിക്ക് കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി കമ്പനിയുടെ ഏക പൊതു ഓഹരി ഉടമസ്ഥരായ ടെലികമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യയുടെ കൈവശമുള്ള 10 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. ജനുവരി 19ന് ആണ് കമ്പനി ഐപിഒയ്‌ക്ക് അപേക്ഷ നല്‍കിയത്. കമ്പനിയുടെ 70 ശതമാനം (35 കോടി) ഓഹരികള്‍ ഭാരതി എയര്‍ടെല്ലും ബാക്കി 30 ശതമാനം (ഏകദേശം 15 കോടി) ടെലികമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യയുമാണ് കൈവശം വെക്കുന്നത്.
മാര്‍ച്ച് 11ന് ആണ് ഐപിഒയ്‌ക്ക് സെബി അനുമതി നല്‍കിയത്.
എയര്‍ടെല്‍ ബ്രാന്റിന് കീഴിലായി രാജസ്ഥാനിലും വടക്കു കിഴക്കന്‍ മേഖലയിലും കണ്‍സ്യൂമര്‍ മൊബൈല്‍, ഫിക്‌സഡ് ലൈന്‍ ടെലഫോണ്‍, ബ്രോഡ്‌ബാന്റ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഭാരതി ഹെക്‌സാകോം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 549.2 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 67.2 ശതമാനം ഇടിവുണ്ടായി.
അതേ സമയം 2.17 ശതമാനം വളര്‍ച്ചയോടെ 6579 കോടി രൂപ വരുമാനം കൈവരിച്ചു.