
ന്യൂഡല്‍ഹി: വേതന വര്‍ദ്ധനവിലെ മാന്ദ്യവും വായ്പ നല്‍കാനുള്ള വിമുഖതയും ഇന്ത്യക്കാരുടെ ഉപഭോഗ ശേഷിയെ ബാധിച്ചതായി റിപ്പോര്‍ട്ട്.
ആദായനികുതി ഇളവുകള്‍, പണപ്പെരുപ്പം കുറയല്‍, ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കാനുള്ള ദീര്‍ഘകാല നിര്‍ദ്ദേശം എന്നിവ ഈ സ്ഥിതിയ്ക്ക് മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും സുസ്ഥിരമായ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവും കൂടുതല്‍ തൊഴിലവസരങ്ങളും അനിവാര്യമാണ്. സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വരുമാനത്തില്‍ മാന്ദ്യം പ്രകടമാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍. വേതന വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമായി കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇത് 7 ശതമാനമായിരുന്നു.
ഇടത്തരം വരുമാനക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ഐസിആര്‍എയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയാറും അഭിപ്രായപ്പെട്ടു.ആശ്രിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് സാമ്പത്തിക വൈഷമ്യത്തിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ വരുമാന നികുതിയിലെ ഇളവുകള്‍ക്കും നിരക്ക് കുറയ്ക്കലിനും ഒപ്പം വേതന വര്‍ദ്ധനവിനും തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം, വിദഗ്ധര്‍ ആവശ്യപ്പെട്ടു.
ഉപഭോഗം വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതായി അതേസമയം റിപ്പോര്‍ട്ടുകളുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, അതിവേഗം വളരുന്ന ഉപഭോക്തൃ വസ്തുക്കളുടെ (എഫ്എംസിജി) വില്‍പ്പന നഗരപ്രദേശങ്ങളില്‍ 7.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ആറ് പാദങ്ങളില്‍ ആദ്യമായി ഗ്രാമീണ വളര്‍ച്ചയെ നഗര ഉപഭോഗം മറികടക്കുന്നതിനും ആദ്യപാദം സാക്ഷിയായി. ഗ്രാമങ്ങളിലെ എഫ്്എംസിജി വളര്‍ച്ച 7.1 ശതമാനമായിരുന്നു.
” ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, വ്യക്തിഗത പരിചരണം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയാണ് എഫ്എംസിജി വില്‍പ്പനയെ നയിച്ചത്,”
ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ പരസ് ജസ്രായ്. പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി സ്ഥാപനങ്ങളിലൊന്നായ ഐടിസിയും ഇക്കാര്യം ശരിവക്കുന്നു. ”നഗരത്തിലേയും ഗ്രാമങ്ങളിലേയും ഡിമാന്റ് വീണ്ടെടുപ്പ്, പണപ്പെരുപ്പത്തിന്റെ സ്ഥിരത കൈവരിക്കല്‍ എന്നിവകാരണം കൂടുതല്‍ ഉപഭോഗം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഐടിസി വക്താവിനെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആദായനികുതി ഇളവുകള്‍, പണപ്പെരുപ്പം കുറയല്‍, ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കാല്‍, സര്‍ക്കാര്‍ ചെലവഴിക്കല്‍ എന്നിവയുടെ പിന്‍ബലത്തിലാണ് ഈ ഉണര്‍വ്
അതേസമയം സമ്പദ് വ്യവസ്ഥയുടെ ചെലവഴിക്കാനുള്ള ശേഷി വരുമാന വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.