
മഹീന്ദ്ര എന്ന ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഏറ്റവും മികച്ച എന്‍ട്രിയാണ് ബിഇ6, എക്‌സ്ഇവി 9ഇ എന്നീ മോഡലുകള്‍ ചേര്‍ന്ന് നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം പ്ലാറ്റ്‌ഫോം വികസിപ്പിച്ച്, ഏറ്റവും മികച്ച ഡിസൈന്‍, കൃത്യമായി സെഗ്മെന്റ് നിശ്ചയിച്ച് എല്ലാ ഹോം വര്‍ക്കും ചെയ്ത് വിപണിയില്‍ എത്തിച്ച വാഹനമായതിനാല്‍ തന്നെ വിപണിയില്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കാനും ഈ വാഹനങ്ങള്‍ക്ക് സാധിച്ചു.
വിപണിയിലെത്തി ഏഴ് മാസം പിന്നിട്ടതോടെ മഹീന്ദ്രയുടെ ഈ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 30,000 കടന്നിരിക്കുകയാണ്. നിരത്തുകളിലുള്ള 30,000 വാഹനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കൂടി പിന്‍ബലത്തിലാണ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് ഏഴ് സീറ്റര്‍ മോഡലായ എക്‌സ്ഇവി 9എസിനെ വരവിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മഹീന്ദ്ര കമ്പനിയുടെ ഒരുലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇതുവരെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്രയില്‍ നിന്ന് വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനങ്ങളെല്ലാം ഇതുവരെ സഞ്ചരിച്ചത് അഞ്ച് ലക്ഷം കിലോമീറ്ററാണ്. ഇതുവഴി 185 കിലോമെട്രിക് ടണ്ണിലധികം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് തടയാനായിട്ടുണ്ടെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. 4.3 ദശലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പാരിസ്ഥിതിക നേട്ടമാണ് മഹീന്ദ്ര ഇതുവഴി നേടിയതെന്നും കമ്പനി അറിയിച്ചു.
മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോം ഇന്‍ഗ്ലോ അടിസ്ഥാനമാക്കിയാണ് ബിഇ6, എക്‌സ്ഇവി 9ഇ എന്നീ മോഡലുകള്‍ ഒരുങ്ങിയിരിക്കുന്നത്. പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം).
അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇ-യുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90 ലക്ഷം രൂപയുമാണ് വില.
59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.
59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്‌സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.






