
ന്യൂഡല്‍ഹി: ജിഎസ്ടി പരിധി 1 കോടിയായി ഉയര്‍ത്താന്‍ തയ്യാറാകണമെന്ന് ബാങ്കുകള്‍ ധനകാര്യ സേവന വകുപ്പി (ഡിഎഫ്എസ്) നോടാവശ്യപ്പെട്ടു. ജിഎസ്ടി നിയമങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ബാങ്കുകള്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. നിയമം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി ഡിഎഫ്എസ് നേരത്തെ ബാങ്കുകളേയും ആര്‍ബിഐയേയും എന്‍പിസിഐയേയും സമീപിച്ചിരുന്നു.
നിലവിലെ ജിഎസ്ടി നിയമങ്ങള്‍ ചെറുകിട ബിസിനസുകളെ സഹായിക്കുമോ എന്നറിയുകയാണ് ലക്ഷ്യം.
ഇതിനുള്ള മറുപടിയിലാണ് ബാങ്കുകള്‍ പരിധി ഒരു കോടി രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടത്. നിലവില്‍ 40 ലക്ഷം രൂപയില്‍ കൂടുതല്‍ വസ്തുക്കള്‍ വില്‍പന നടത്തുന്നവരും 20 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം നേടുന്ന സേവനങ്ങളും ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്്.
ഇത് കാരണം ചെറുകിട വ്യാപാരികള്‍ അങ്കലാപ്പിലാണെന്ന് ബാങ്കുകള്‍ പറയുന്നു. ചിലവ്യാപാരികള്‍ക്ക് നികുതി നോട്ടീസുകള്‍ ലഭിച്ചത് കര്‍ണ്ണാടകയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പല കടയുടമകളും യുപിഐ പേയ്മന്റുകള്‍ നിര്‍ത്തി പണത്തിലേയ്ക്ക് മടങ്ങി.
ഇത് ഡിജിറ്റല്‍ പെയ്മന്റ് മുന്നേറ്റത്തിന് തിരിച്ചടിയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ജിഎസ്ടി പരിധി ഒരു കോടി രൂപയാക്കി ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പരിധിയില്‍ കൂടുതല്‍ വരുമാനം നേടുന്ന വ്യാപാരികള്‍ക്ക് മാത്രം ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്വീകരിക്കുന്നതിനുള്ള ഫീസ് ചുമത്താനും ബാങ്കുകള്‍ നിര്‍ദ്ദേശിക്കുന്നു.
എത്ര വ്യാപാരികള്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ കൂടുതല്‍ സമ്പാദിക്കുന്നു, യുപിഐ പ്രവര്‍ത്തിപ്പിക്കാന്‍ എത്ര ചിലവാകും എന്നീ വിശദാംശങ്ങളും ഡിഎഫ്‌സ് ബാങ്കുകളോട് ആരാഞ്ഞിരുന്നു.
നിയമങ്ങളും ഫീസുകളും ബുദ്ധിമുട്ടിക്കുന്ന പക്ഷം ചെറുകിട കടയുടമകള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് യുപിഐ വര്‍ഷങ്ങളായി നേടിയ പുരോഗതിയെ ഇല്ലാതാക്കും.