
ന്യൂഡൽഹി: കുറഞ്ഞ ചെലവില് പണം സമാഹരിക്കാൻ, സേവിങ്‌സ്-കറന്റ് അക്കൗണ്ടുകളിലേക്ക് ആളെക്കൂട്ടാന്‍ വൻ പദ്ധതികളുമായി രാജ്യത്തെ ബാങ്കുകൾ. സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപ വരവില് കുറവുണ്ടായതോടെയാണ് കുറഞ്ഞ ചെലവില് പണം സമാഹരിക്കാനുള്ള ശ്രമം ബാങ്കുകള് തുടങ്ങിയത്. സേവിങ് അക്കൗണ്ടിന് പരമാവധി മൂന്നു ശതമാനമാണ് പലിശ. കറന്റ് അക്കൗണ്ടിന് പലിശയുമില്ല.
ജൂണ് അവസാനം വരെയുള്ള കണക്കെടുത്താല് എസ്ബിഐയിലെ മൊത്തം നിക്ഷേപത്തില് 12 ശതമാനം വാര്ഷിക വര്ധനവാണുണ്ടായത്. നിക്ഷേപം 45.31 ലക്ഷം കോടി രൂപയായി. സേവിങ്സ്-കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപ അനുപാതമാകട്ടെ മുന് വര്ഷത്തെ 45.33 ശതമാനത്തില് നിന്ന് 42.88 ശതമാനമായി കുറയുകയും ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്കിലെ മൊത്തം നിക്ഷേപത്തില് 19 ശതമാനമാണ് വാര്ഷിക വളര്ച്ചയുണ്ടായത്. അതേസമയം, ഈ കാലയളവിലെ സേവിങ്സ്-കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപ അനുപാതം 45.80 ശതമാനത്തില് നിന്ന് 42.50 ശതമാനമായി. ഈ സാഹചര്യത്തിലാണ് കൂടുതല് അക്കൗണ്ടുകള് തുടങ്ങുന്നതിന് ബാങ്കുകളുടെ നീക്കം.
കറന്റ് അക്കൗണ്ടുകള് തുടങ്ങുന്നതിനാണ് എസ്ബിഐ പ്രാധാന്യം നല്കുന്നത്. ഇതിനായി വ്യാപാര സ്ഥാപനങ്ങളെയും ട്രസ്റ്റുകളെയും ആകര്ഷിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനുള്ളില് കൂടുതല് അക്കൗണ്ടുകള് തുടങ്ങാനായതായി എസ്ബിഐ ചെയര്മാന് ദിനേഷ് ഖര പറഞ്ഞു.
സേവിങ്സ്, കറന്റ് അക്കൗണ്ടുകള് തുടങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണെന്ന് കാനറ ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ.എസ് രാജുവും പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്ഷം മുതല് ശമ്പള അക്കൗണ്ടുകള്ക്ക് ഒരു ലക്ഷം രൂപ മുതല് ആറ് ലക്ഷം രൂപ വരെ ടേം ലൈഫ് ഇന്ഷുറന്സും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ലക്ഷത്തിലേറെ പുതിയ സാലറി അക്കൗണ്ടുകള് ഇതിനകം തുടങ്ങാനായതായും അദ്ദേഹം പറഞ്ഞു.
സേവിങ്സ് അക്കൗണ്ട് ഉടമകള്ക്കായി പ്രത്യേകം റിലേഷന്ഷിപ്പ് മാനേജര്മാരെ നിയമിച്ചതായി മറ്റൊരു പൊതുമേഖല ബാങ്ക് മേധാവിയും വ്യക്തമാക്കി.
കച്ചവടക്കാര്, ശമ്പള വരുമാനക്കാര് എന്നിവരെ ചേര്ക്കുന്നതിന് ശാഖകളിലുടനീളം സെയില്സ് ടീമിനെ നിയോഗിക്കുകയാണെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യുട്ടീവ് ഡയറക്ടര് ജോയ്ദീപ് ദത്ത റോയ് പറഞ്ഞു.