ഡൽഹി: ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളുടെ (MCLR) മാർജിനൽ കോസ്റ്റ് 10 മുതൽ 20 വരെ ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഈ വായ്പാ നിരക്ക് വർധന ജൂൺ 12 മുതൽ പ്രാബല്യത്തിൽ വരും. ഈ വർദ്ധനവോടെ, ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 7.50 ശതമാനം ആയി ഉയർന്നതായി ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റിലെ രേഖകൾ വ്യക്തമാകുന്നു. ബിഒബിക്ക് പുറമെ, പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയും ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്കുകളുടെ (എംസിഎൽആർ) മാർജിനൽ കോസ്റ്റ് വർധിപ്പിച്ചിട്ടുണ്ട്. ഇവർ യഥാക്രമം 30, 35 എന്നിങ്ങനെ ബേസിസ് പോയിന്റുകളാണ് വർധിപ്പിച്ചത്.
കൂടാതെ, മറ്റ് ബാങ്കുകളുടെ കാര്യമെടുത്താൽ ആക്സിസ് ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആർ 7.75 ശതമാനവും ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആർ 8.75 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെത് 7.2 ശതമാനവുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരക്ക് സൈക്കിളിലെ ഉയർച്ചയെ സൂചിപ്പിക്കുകയും പണലഭ്യത കർശനമാക്കുകയും ചെയ്തതോടെ ബാങ്കുകളും അവരുടെ വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കാൻ തുടങ്ങി. ചില വായ്പാ നിരക്കുകൾ റിപ്പോ നിരക്ക് പോലെയുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ, മറ്റുള്ളവ ഫണ്ടുകളുടെ വിലയെ ആശ്രയിച്ചിരിക്കുന്നവയാണ്.
ഈ ബാങ്കുകളുടെ ചുവട് പിടിച്ച് വരും ദിവസങ്ങളിൽ നിരവധി ബാങ്കുകൾ വായ്പ നിരക്ക് ഉയർത്താനാണ് സാധ്യത.