
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിപ്പിച്ചു. ആനുകൂല്യം ഉപഭോക്താക്കളിലേക്കെത്തിക്കാനായിരുന്നു ഇത്. കുറച്ച് ബാങ്കുകള്‍ മാത്രമാണ് പലിശ നിരക്ക് 7%ന് മുകളില്‍ ഉയര്‍ത്തിയത്.
അതിലും കുറച്ച് പേര്‍ 7.15 ശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്താനും തയ്യാറായി. ഇത് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന്റെ പലിശ നിരക്കാണ്. ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടിന്റെ നിലവിലെ പലിശ നിരക്ക് 7.15 ശതമാനമാണ് (6.80% +0.35%). ഓരോ ആറ് മാസത്തിലും, ഈ ബോണ്ടുകളുടെ പലിശ നിരക്കുകള്‍ പുനഃക്രമീകരിക്കുന്നു.
ഏഴ് വര്‍ഷത്തെ കാലാവധിയാണ് ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ക്കുള്ളത്. ആര്‍ബിഐ ബോണ്ടിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന ബാങ്ക് എഫ്ഡി (ഫിക്‌സഡ് ഡെപ്പോസിറ്റ്) കള്‍ ചുവടെ.
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
സാധാരണ പൗരന്മാര്‍ക്ക് 700 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിന് 7.25% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75% പലിശയും ഉത്കര്‍ഷ് വാഗ്ദാനം ചെയ്യുന്നു.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 12 മാസം 1 ദിവസം മുതല്‍ 524 ദിവസം വരെയുള്ള കാലയളവിന് ആര്‍ബിഐ സേവിംഗ്‌സ് ബോണ്ടിനെക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു. 2 മാസം 1 ദിവസം മുതല്‍ 60 മാസം വരെ 7.20% നല്‍കുമ്പോള്‍ 75 ആഴ്ചയും (525 ദിവസം) 990 ദിവസവും 75 മാസവും കാലാവധിയുള്ള എഫ്ഡിയ്ക്ക് വാഗ്ദാനം ചെയ്യുന്നത് 7.50% ആണ്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലാവധിയില്‍ 7.25% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75% പലിശയും വാഗ്ദാനം ചെയ്യുന്നു.
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 750 ദിവസത്തെ കാലാവധിയില്‍ 7.25% പലിശയും സാധാരണ പൗരന്മാര്‍ക്ക് 1000 ദിവസത്തെ കാലാവധിക്ക് 7.50 പലിശയും വാഗ്ദാനം ചെയ്യുന്നു.