ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾ

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക് സോഷ്യല്‍ ഓഡിറ്റ് വിഭാഗം റിസോഴ്സ്പേഴ്സണ്‍മാരെ ചുമതലപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലാണ്.

പദ്ധതിയില്‍ കേരളത്തില്‍ വൻ കൊഴിഞ്ഞുപോക്കാണ്. ഒരുവർഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും. ദേശീയതലത്തില്‍ 59 ലക്ഷം, 1.05 കോടി എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കിന്റെ കണക്ക്.

കേരളത്തിലെ തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. തൊഴില്‍ വേണ്ടെന്നുവെച്ചവരില്‍ 60-80 പ്രായത്തില്‍പ്പെട്ട സ്ത്രീകളാണ് മുന്നില്‍. മുതിർന്ന തൊഴിലാളികളുടെ മരണവും എണ്ണം കുറയാൻ കാരണമായി. ഭിന്നശേഷിക്കാരുടെ എണ്ണത്തിലും കുറവുണ്ട്: 2023-24ല്‍ കേരളത്തില്‍ 2572 പേർ ഉണ്ടായിരുന്നത് 2024-25ല്‍ 2306 ആയി കുറഞ്ഞു.

ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ മരിക്കുകയോ വിട്ടുപോവുകയോ ചെയ്താല്‍ ആ വീട്ടില്‍നിന്ന് പകരം തൊഴിലാളി വരുന്നില്ല. പുതിയ തലമുറയില്‍പ്പെട്ടവർക്കും താത്പര്യമില്ല.

കുറഞ്ഞകൂലി, കടുത്ത നിബന്ധനകള്‍
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളില്‍ നടത്തിപ്പിലുണ്ടായ നിരന്തരവീഴ്ചകളെത്തുടർന്ന് തൊഴിലുറപ്പിന് കേന്ദ്രസർക്കാർ വ്യവസ്ഥകള്‍ കടുപ്പിച്ചിരുന്നു.

ഓണ്‍ലൈനായി ഹാജർ രേഖപ്പെടുത്താൻ രണ്ടുതവണ വർക്സൈറ്റില്‍ തൊഴിലാളികള്‍ എത്തണം. നിശ്ചിത അളവില്‍ സമയത്ത് പണിതീർത്തില്ലെങ്കില്‍ കൂലി കുറയ്ക്കും. സോഷ്യല്‍ ഓഡിറ്റും കടുപ്പിച്ചു.

ഒരുദിവസം മുഴുവൻ ജോലിചെയ്താലും മറ്റുതൊഴിലിനെ അപേക്ഷിച്ച്‌ കൂലി കുറവാണ്. ഇപ്പോള്‍ക്കിട്ടുന്ന കൂലി 346 രൂപയാണ്. കോവിഡിനുശേഷം കൂടുതല്‍വേതനമുള്ള മറ്റുതൊഴിലിലേക്കും തൊഴിലാളികള്‍ തിരിഞ്ഞു.

ഏർപ്പെടുത്തുന്ന നിബന്ധനകള്‍ തൊഴിലുറപ്പ് പദ്ധതി കാര്യമായി നടക്കുന്ന കേരളത്തിന് തിരിച്ചടിയായി. കേരളത്തില്‍ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 20.85 ലക്ഷം സജീവ തൊഴില്‍കാർഡുകളും 24.85 ലക്ഷം സജീവ തൊഴിലാളികളുമാണുള്ളത്.

X
Top