
ന്യൂഡല്‍ഹി: 7 നഗരങ്ങളിലെ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള അപ്പാര്‍ട്‌മെന്റ് വില്‍പന ജനുവരി-ജൂണ്‍ കാലയളവില്‍ 50,132 യൂണിറ്റുകളായി. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം അധികമാണിത്. റോഹൗസുകള്‍, വില്ലകള്‍, പ്ലോട്ടുകള്‍ എന്നിവ ഒഴിവാക്കിയുള്ള കണക്കാണിത്.
മൊത്തത്തില്‍, ഏഴ് പ്രധാന നഗരങ്ങളിലായി ജനുവരി-ജൂണ്‍ മാസങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന 21 ശതമാനം ഉയര്‍ന്ന് 1,26,500 യൂണിറ്റാണ്. മുന് വര് ഷം ഇതേ കാലയളവില് 1,04,926 യൂണിറ്റായിരുന്നു വില് പ്പന. മാത്രമല്ല 15 വര്‍ഷത്തെ ഉയര്‍ന്ന വില്‍പനയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ജെഎല്‍എല്‍ ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെഎല്‍എല്‍ ഡാറ്റ അനുസരിച്ച്, 50 ലക്ഷത്തില്‍ താഴെ വിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ജനുവരി-ജൂണില്‍ രണ്ട് ശതമാനം ഇടിഞ്ഞ് 24,482 യൂണിറ്റായിട്ടുണ്ട്. മൊത്തം വില്‍പ്പനയില്‍ താങ്ങാനാവുന്ന വീടുകളുടെ വിഹിതം 24 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞു.
50-75 ലക്ഷം രൂപ വില വിഭാഗത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന 4 ശതമാനം ഉയര്‍ന്ന് 30,125 യൂണിറ്റും 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള ഫ്‌ലാറ്റുകളുടെ വില്‍പ്പന 25 ശതമാനം ഉയര്‍ന്ന് 21,848 യൂണിറ്റുമാണ്. മൊത്തം വില്‍പ്പനയില്‍ മിഡ് സെഗ്മെന്റിന്റെ വിഹിതം 28 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞപ്പോള്‍ 75-1 കോടി വിലയിലെ ഫ്‌ലാറ്റുകളുടെ വിഹിതം 17 ശതമാനമായി തുടര്‍ന്നു.
1-1.5 കോടി രൂപയുടെ വിഭാഗത്തില്‍ ഫ്‌ലാറ്റുകളുടെ വില്‍പ്പന 14,484 യൂണിറ്റില്‍ നിന്ന് 67 ശതമാനം ഉയര്‍ന്ന് 24,121 യൂണിറ്റും 1.5 കോടി രൂപയ്ക്ക് മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന 21 ശതമാനം ഉയര്‍ന്ന് 26,011 യൂണിറ്റുമായി. മൊത്തം വില്‍പ്പനയില്‍ ആഢംബര ഫ്‌ലാറ്റുകളുടെ വിഹിതം 18 ശതമാനത്തില്‍ നിന്ന് 21 ശതമാനമായാണ് ഉയര്‍ന്നത്.
മിതമായ പണപ്പെരുപ്പം, നിരക്ക് വര്‍ദ്ധന നിര്‍ത്തിയ ആര്‍ബിഐ നടപടി, സര്‍ക്കാറിന്റെ പിന്തുണ എന്നീ ഘടകങ്ങളാണ് റെസിഡന്‍ഷ്യല്‍ വിപണിയെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് ജെഎല്‍എല്‍ മാനേജിഗ് ഡയറക്ടര്‍ ശിവ കൃഷ്ണന്‍ പറയുന്നു.






