എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ടെക് ലോകത്തെ പിരിച്ചുവിടലിൽ ഒന്നാമത് അമേരിക്ക

ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയെ പിടിച്ചുകുലുക്കിയ പിരിച്ചുവിടലുകള്‍ക്ക് 2024-ല്‍ നേരിയ ശമനം. എങ്കിലും, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.

2022-ലും 2023-ലും ആഗോളതലത്തില്‍ ഫണ്ടിങ് കുറഞ്ഞതോടെ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഷ്ടകാലമായിരുന്നു. ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. 2024 മുതല്‍ ഇന്ത്യയിലെ പിരിച്ചുവിടലുകളുടെ എണ്ണം കുറഞ്ഞെങ്കിലും, ഇത് ആശങ്കയുളവാക്കുന്ന നിലയില്‍ തന്നെ തുടരുകയാണ്. ഇലക്ട്രിക് മൊബിലിറ്റി, ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളാണ് ഈ വര്‍ഷത്തെ പിരിച്ചുവിടലുകളില്‍ മുന്നില്‍.

കണക്കുകള്‍ സൂചിപ്പിക്കുന്നത്…
2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യയിലെ 25 ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നായി 4,282 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇത്, 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവാണ്. 2023-ല്‍ 108 കമ്പനികളിലായി 14,978 പിരിച്ചുവിടലുകളാണ് രേഖപ്പെടുത്തിയത്. കൊവിഡ് കാലത്തെ ടെക് ബൂമില്‍ നടത്തിയ അമിതമായ റിക്രൂട്ട്മെന്റ് കുറയ്ക്കാനും, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ തീരുമാനമാണ് ഈ കുറവിന് കാരണം.

മുന്നില്‍ അമേരിക്ക
ആഗോളതലത്തില്‍ ടെക് മേഖലയിലെ പിരിച്ചുവിടലുകളില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് അമേരിക്കയാണ്. ഒക്ടോബര്‍ 2025 വരെ ലോകമെമ്പാടുമുള്ള മൊത്തം പിരിച്ചുവിടലുകളുടെ ഏകദേശം 84 ശതമാനവും (76,907 ജീവനക്കാര്‍) അമേരിക്കയിലാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് (4,582 പിരിച്ചുവിടലുകള്‍, 5%). സ്വീഡന്‍ (3.3%), കാനഡ (2.4%) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ജര്‍മ്മനി, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലും 1-2 ശതമാനം വരെ പിരിച്ചുവിടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടന്നത് സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിലാണ്. മൊത്തം പിരിച്ചുവിടലുകളുടെ 52 ശതമാനത്തിലധികം (2,247 ജീവനക്കാര്‍) ബെംഗളൂരുവിലാണ് രേഖപ്പെടുത്തിയത്. മുംബൈ (13.5 ശതമാനം), ന്യൂഡല്‍ഹി (12.5 ശതമാനം), ഹൈദരാബാദ് (11.7 ശതമാനം) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. ഈ നഗരങ്ങളില്‍ ഇടത്തരം സ്റ്റാര്‍ട്ടപ്പുകളിലും ഡിജിറ്റല്‍ സര്‍വീസ് കമ്പനികളിലുമാണ് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായത്. ഗുരുഗ്രാം (7.5%), നോയിഡ (2.3%) എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ പിരിച്ചുവിടലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022-23 കാലയളവിലെ പിരിച്ചുവിടലുകളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ബൈജൂസ് പോലുള്ള എജ്യൂടെക് സ്റ്റാര്‍ട്ടപ്പുകളിലെ ജീവനക്കാരായിരുന്നു. ക്വിക്ക് കൊമേഴ്സ് കമ്പനികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ തോതില്‍ ജീവനക്കാരെ കുറച്ചിരുന്നു. എന്നാല്‍, നിലവില്‍ ഇലക്ട്രിക് മൊബിലിറ്റി , ഗെയിമിങ് കമ്പനികളാണ് പിരിച്ചുവിടലുകളില്‍ മുന്നില്‍.

ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടത്തിയത് ബെംഗളൂരു ആസ്ഥാനമായുള്ള ഓല ഇലക്ട്രിക് ആണ്. 1,000 പേര്‍ക്കാണ് ഇവിടെ ജോലി നഷ്ടമായത്.

മുംബൈയിലെ ഗെയിംസ് 24×7-ല്‍ 580 പേരെയും, ഹൈദരാബാദിലെ മറ്റൊരു ഗെയിമിങ് കമ്പനിയായ ഹെഡ് ഡിജിറ്റല്‍ വര്‍ക്‌സില്‍ 500 പേരെയും പിരിച്ചുവിട്ടു. ബെംഗളൂരു ആസ്ഥാനമായുള്ള വേര്‍സ് ഇന്നൊവേഷന്‍ 350 ജീവനക്കാരെയും പിരിച്ചുവിട്ടു.

X
Top