
മുംബൈ: സ്ഥാപനത്തിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി ശിൽപി കപൂറിനെ നിയമിച്ചതായി എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കിന്റെ മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് കപൂർ മേൽനോട്ടം വഹിക്കും. മൊത്തത്തിലുള്ള ബിസിനസ് മാർക്കറ്റിംഗ് തന്ത്രം ആസൂത്രണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഇവർക്കായിരിക്കും. വിപണി ഗവേഷണം, വിലനിർണ്ണയം, ഉൽപ്പന്ന വിപണനം, മാർക്കറ്റിംഗ് ആശയവിനിമയങ്ങൾ, പരസ്യം ചെയ്യൽ, പബ്ലിക് റിലേഷൻസ് എന്നിവയ്ക്കും ശിൽപി കപൂർ നേതൃത്വം നൽകും. കൂടാതെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായിരിക്കും കപൂർ.
ബിഎഫ്‌എസ്‌ഐ, ടെലികോം, ഓട്ടോ, എഫ്എംസിജി ബ്രാൻഡുകളിലുടനീളമുള്ള ബ്രാൻഡ് മാനേജ്‌മെന്റ്, സെയിൽസ്, മാർക്കറ്റിംഗ് എന്നിവയിൽ 19 വർഷത്തെ പരിചയസമ്പത്തുമായാണ് കപൂർ എത്തുന്നത്. ഇതിന് മുമ്പ്, അവർ അമേരിക്കൻ എക്സ്പ്രസ് മാർക്കറ്റിംഗ് ഡയറക്ടറായിരുന്നു, അവിടെ ബ്രാൻഡ് തന്ത്രത്തിനും ആശയവിനിമയത്തിനും നേതൃത്വം നൽകി. അമിറ്റി യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശിൽപി കപൂർ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്നും നോർത്ത് വെസ്റ്റേൺ കെല്ലോഗ് യൂണിവേഴ്സിറ്റിയിൽ നിന്നും നേതൃത്വ മികവിലും ഡിജിറ്റൽ മാർക്കറ്റിംഗിലും പ്രത്യേക പ്രോഗ്രാമുകൾ പൂർത്തിയാക്കിയിട്ടുണ്ട്.