
മുംബൈ: എയർബസ് ഡിഫൻസ് ആൻഡ് സ്പേസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (ടിഎഎസ്എൽ) ചേർന്ന് ഗുജറാത്തിലെ വഡോദരയിൽ ഇന്ത്യൻ എയർഫോഴ്സിനായി (IAF) C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ് എയർബസ് സി-295 വിമാനം. ഇത് ലൈറ്റ് ആന്റ് മീഡിയം സെഗ്‌മെന്റിലെ തന്ത്രപരമായ എയർലിഫ്റ്ററാണ്. പെട്ടെന്നുള്ള പ്രതികരണത്തിനും സൈനികരുടെയും ചരക്കുകളുടെയും പാരാ-ഡ്രോപ്പിംഗിനുമായി വിമാനത്തിന് പിന്നിൽ റാംപ് ഡോർ ഉണ്ട്. കൂടാതെ സെമി പ്രതലങ്ങളിൽ നിന്നുള്ള ഷോർട്ട് ടേക്ക് ഓഫ്/ലാൻഡിംഗ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഇതുവരെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ 250 ലധികം വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് എയർബസ് അറിയിച്ചു. അതേസമയം സി 295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളുടെ ഇന്ത്യയിലെ നിർമാണ പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 30 ന് തറക്കല്ലിടുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
കൂടാതെ ഈ സൗകര്യത്തിൽ നിന്ന് ഐഎഎഫിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അധിക വിമാനങ്ങൾ നിർമ്മിക്കുകയും ഭാവിയിൽ കയറ്റുമതി നടത്തുകയും ചെയ്യും. കഴിഞ്ഞ വർഷം ഒപ്പുവച്ച കരാർ പ്രകാരം, ഇന്ത്യൻ വ്യോമസേനയുടെ പഴക്കം ചെന്ന അവ്രോ-748 വിമാനങ്ങൾക്ക് പകരമാണ് സി-295 മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാങ്ങുന്നത്. കരാർ പ്രകാരം 48 മാസത്തിനുള്ളിൽ എയർബസ് ഡിഫൻസ് 16 വിമാനങ്ങൾ വിതരണം ചെയ്യും. ശേഷിക്കുന്ന 40 വിമാനങ്ങൾ കരാർ ഒപ്പിട്ട് 10 വർഷത്തിനകം എയർബസിന്റെയും ടാറ്റയുടെയും സംയുക്ത സംരംഭം ഇന്ത്യയിൽ നിർമിക്കും.