
കൊച്ചി: നാട്ടിലേക്കുള്ള യാത്ര പദ്ധതിയിടുന്ന പ്രവാസികൾക്കായി എയർ അറേബ്യ പുതിയ ഫ്ലാഷ് സെയിൽ ഓഫർ പ്രഖ്യാപിച്ചു. അബുദാബിയും ഷാർജയും ഉൾപ്പെടെയുള്ള എയർ അറേബ്യയുടെ വിവിധ സർവീസുകളിൽ വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുളള യാത്രകൾക്കാണ് ഓഫർ ബാധകം.
അബുദാബിയിൽ നിന്ന് കോഴിക്കോട് വരെ 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും, 275 ദിർഹത്തിനും, അഹമ്മദാബാദിലേക്ക് 299 ദിർഹത്തിനും യാത്ര ചെയ്യാം. മസ്കറ്റ് (399 ദിർഹം), കുവൈത്ത് (398 ദിർഹം), സലാല (578 ദിർഹം) എന്നീ സ്ഥലങ്ങളിലേക്കും അബുദാബിയിൽ നിന്ന് പ്രത്യേക നിരക്കിൽ യാത്ര ചെയ്യാം. ഷാർജയിൽ നിന്നുള്ള യാത്രക്കാർക്ക് മസ്കറ്റിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും, റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും ടിക്കറ്റ് ലഭ്യമാണ്.
അബുദാബിയിൽ നിന്ന് എയർ അറേബ്യയുടെ 12 എയർബസ് എ320 വിമാനങ്ങളാണ് നിലവിൽ സർവീസ് നടത്തുന്നത്. യുഎഇയിലെ ഏറ്റവും ചെലവുകുറഞ്ഞ എയർലൈനായ എയർ അറേബ്യ, തായ്‌ലൻഡിലെ ബാങ്കോക്ക് സർവീസുകളും വിപുലീകരിക്കുന്നു. ഒക്ടോബർ 26 മുതൽ മൂന്നാമത്തെ പ്രതിദിന വിമാനം കൂടി ആരംഭിക്കാനാണ് പദ്ധതി. യുഎഇയും തായ്‌ലൻഡും തമ്മിലുള്ള വ്യാപാര, ടൂറിസം ബന്ധങ്ങളുടെ വളർച്ചയ്ക്ക് സംഭാവന നല്കുന്നതിനൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദേൽ അൽ അലി പറഞ്ഞു.