
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീസൽ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
രാജ്യത്തെ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് നീക്കം. പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് 10 ശതമാനം അധികം ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ധനമന്ത്രാലയത്തിന് സമർപ്പിക്കാൻ ആലോചിക്കുന്നതായാണ് ഗഡ്കരി വെളിപ്പെടുത്തിയത്.
63-ാംമത് എസ്.ഐ.എ.എം വാർഷിക സമ്മേളനത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പരമാർശം.
“വാഹന നിർമാതാക്കളോട് ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാൻ അടിയന്തരമായി ആവശ്യപ്പെടുന്നു. നിങ്ങൾ ഉത്പാദനം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾക്ക് നികുതി വർധിപ്പിക്കേണ്ടി വരും.
നിങ്ങൾക്ക് ഡീസൽ വാഹനം വിറ്റഴിക്കാൻ ബുദ്ധിമുട്ട് നേരിടുംവിധം നികുതി ഉയർത്തും,“ നിതിൻ ഗഡ്കരി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി നികുതി വർധിപ്പിക്കുകയാണ് ഏക മാർഗം.
അല്ലെങ്കിൽ ഇതൊന്നും ഗൗരവത്തോടെ കാണാൻ ആരും തയ്യാറാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡീസൽ, പെട്രോളിൽ നിന്നും മാറുന്നതിന് അനുയോജ്യമായ സമയമാണിത്. ബയോ ഫ്യൂവൽസ്, ബദൽ ഇന്ധനം, പുനരുപയോഗ ഊർജം എന്നിവയൊക്കെ ഗതാഗതത്തിനായി ഉപയോഗിക്കണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡീസലിന് ഏർപ്പെടുത്തിയരുന്ന വിലനിയന്ത്രണം സർക്കാർ പിൻവലിച്ചതിനു ശേഷം വാഹന വിപണിയിൽ ഡീസൽ കാറുകളുടെ ആധിപത്യം തകർന്നിട്ടുണ്ട്.
2014 സാമ്പത്തിക വർഷത്തിൽ യാത്ര വാഹനങ്ങളുടെ 53 ശതമാനവും ഡീസൽ കാറുകളായിരുന്നെങ്കിൽ ഇന്നത് 18 ശതമാനത്തിലേക്ക് താഴ്ന്നതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.