
മുംബൈ: ബിഎസ്ഇ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം, നിരവധി അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) 2025 ജൂണ്‍ പാദത്തില്‍ വിറ്റഴിച്ചു. ആറ് കമ്പനികളിലെ ഏകദേശം 4,640 കോടി രൂപയുടെ ഓഹരികളാണ് എഫ്‌ഐഐകള്‍ ഓഫ്‌ലോഡ് ചെയ്തത്.
മിക്ക കമ്പനികളിലേയും ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ ഓഹരി പങ്കാളിത്തം സമാന നിലയില്‍ തുടര്‍ന്നപ്പോള്‍ മറ്റ് എഫ്‌ഐഐകളാണ് തങ്ങളുടെ ഓഹരികള്‍ വില്‍പന നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച എഫ്‌ഐഐകളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിലാണ് കൂടുതല്‍ ഓഹരി വില്‍പന ദൃശ്യമായത്. ഈ കമ്പനിയുടെ 1833 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കയ്യൊഴിഞ്ഞത്. ഇതോടെ കമ്പനിയിലെ എഫ്‌ഐഐ നിക്ഷേപം 17.58 ശതമാനത്തില്‍ നിന്നും 15.85 ശതമാനമായി കുറഞ്ഞു.
അബുദാബി ആസ്ഥാനമായുള്ള ഐഎച്ച്സി ക്യാപിറ്റല്‍ ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനം എന്‍വെസ്റ്റ്കോം ഹോള്‍ഡിംഗ് ആര്‍എസ്സി, അദാനി എനര്‍ജി സൊല്യൂഷനിലുള്ള ഓഹരി പങ്കാളിത്തം 4.6 ശതമാനത്തില്‍ നിന്ന് 2.68 ശതമാനമായി കുറക്കുകയായിരുന്നു.
അംബുജ സിമന്റിന്റെ 1662 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഇത് 924 കോടി രൂപയുടേയും അദാനി എന്റര്‍പ്രൈസസില്‍ 490 കോടി രൂപയുടേയും അദാനി ടോട്ടല്‍ ഗ്യാസില്‍ 152 കോടി രൂപയുടേയും എസിസി ലിമിറ്റഡില്‍ 62 കോടി രൂപയുടേയുമാണ്.
ഇതോടെ അംബുജ സിമന്റ്‌സിലെയും അദാനി ഗ്രീന്‍ എനര്‍ജിയിലേയും എഫ്‌ഐഐ നിക്ഷേപം യഥാക്രമം 7.44 ശതമാനവും 11.58 ശതമാനവുമായി കുറഞ്ഞു. നേരത്തേയിത് യഥാക്രമം 8.6 ശതമാനവും 12.45 ശതമാനവുമായിരുന്നു. അതേസമയം അദാനി പോര്‍ട്ട്‌സ് ആന്റ് സെസ്, അദാനി പവര്‍ എന്നിവയില്‍ യഥാക്രമം 284 കോടി രൂപയും 200 കോടി രൂപയും എഫ്‌ഐഐകള്‍ അധികം നിക്ഷേപം നടത്തിയിട്ടുണ്ട്.