
കൊച്ചി: ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വികസനത്തിനായി വിവിധ രംഗങ്ങളിൽ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ വിവിധ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കേന്ദ്ര സർക്കാർ 8300 കോടി രൂപ നൽകി.
ഈ പദ്ധതിയിലൂടെ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ഉത്പാദന മേഖലകളിൽ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിച്ചത്.
ലോകത്തിന്റെ ഉത്പാദന തലസ്ഥാനമായി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചത്.
ആഗോള മേഖലയിലെ വമ്പൻ കമ്പനികളായ ആപ്പിൾ, ഫോക്സ്‌കോൺ, സാംസംഗ്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവ പദ്ധതിയിലൂടെ ആനുകൂല്യം നേടി.
നടപ്പുവർഷം മൊബൈൽ ഫോണുകളുടെ കയറ്റുമതിയിലൂടെ 1,500 കോടി ഡോളറിന്റെ കയറ്റുമതി നേടാനായതും പദ്ധതിയുടെ വലിയ വിജയമായി കണക്കാക്കുന്നു.