
ന്യൂഡല്‍ഹി: ഇന്ത്യയിലെ തട്ടിപ്പുകളില്‍ 57 ശതമാനവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട്. 26 ശതമാനം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് 1 മില്യണ്‍ ഡോളര്‍ വരെയാണ്.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ശരാശരി അഞ്ച് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണ്. കാര്‍ഡ് പേയ്‌മെന്റുകള്‍, അനധികൃത ഡാറ്റ കൈമാറ്റം,വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ വഴിയാണ് ഇവയിലേറെയും.
കമ്പനി പ്ലാറ്റ്‌ഫോമിലേയ്ക്ക് ക്ഷുദ്രസോഫ്‌റ്റ്വെയര്‍,മാല്‍വെയര്‍,റാന്‍സംവെയര്‍ എന്നിവ കടത്തിവിട്ടും കമ്പനി ഉപകരണത്തിന്റെ ഉള്ളടക്കം മോഷ്ടിച്ചും ക്ലോണിംഗ് നടത്തിയും ഐഡന്റിറ്റി മോഷണം നടത്തിയും അനുമതിയില്ലാതെ കമ്പനി അക്കൗണ്ട് ഏറ്റെടുത്തും പണം പിടുങ്ങുന്നുണ്ട്. ”എന്റര്‍പ്രൈസ് പ്ലാറ്റ്‌ഫോമുകള്‍ ക്ഷുദ്രവെയര്‍, ഫിഷിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍, റാന്‍സംവെയര്‍ സംഭവങ്ങളുടെ ഇരയാകുന്നു. റാന്‍സംവെയര്‍, പ്രത്യേകിച്ചും, വിനാശകരമായ ഭീഷണിയായി വളര്‍ന്നു,” റിപ്പോര്‍ട്ട് പറഞ്ഞു.
44 ശതമാനം തട്ടിപ്പുകളും പണത്തിനായി നടത്തുമ്പോള്‍ 41 ശതമാനം കമ്പനികള്‍ക്കുള്ളില്‍ നിന്നുള്ളവര്‍തന്നെ സംഘടിപ്പിക്കുന്നവയാണ്. 26 ശതമാനം ആഭ്യന്തര, ബാഹ്യ ആളുകള്‍ ചേര്‍ന്ന് സംഘടിതമായി നടത്തുന്നു. ശക്തമായ നിയന്ത്രണങ്ങളുടെ അഭാവമാണ് തട്ടിപ്പ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് അറിയിച്ചു.