
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാഹന കയറ്റുമതി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 22 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്വേഴ്‌സാണ് (സിയാം) കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞപാദത്തില്‍ 14,57,461 വാഹനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്.
യാത്ര വാഹനങ്ങളുടെ വിഭാഗത്തില്‍ എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതി ദൃശ്യമായി. മൊത്തം 2,04,330 യൂണിറ്റുകള്‍. മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്റും ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലെ ഉണര്‍വും ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയുമാണ് നേട്ടത്തിനിടയാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 96,181 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ മുന്നിലെത്തിയപ്പോള്‍ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ 48140 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് യഥാക്രമം 69,962 യൂണിറ്റുകളും 42600 യൂണിറ്റുകളുമായിരുന്നു.
ഇരുചക്ര വാഹന കയറ്റുമതി 11,36,942 യൂണിറ്റുകളായി ഉയര്‍ന്നു. മുച്ചക്രവാഹന കയറ്റുമതി 95796 യൂണിറ്റുകള്‍.മൊത്തം 19427 വാണിജ്യ വാഹനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്.
23 ശതമാനത്തിന്റെ വര്‍ദ്ധന.