4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് നോട്ട് നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതിയിൽ വാദം

ന്യൂഡല്ഹി: റിസര്വ് ബാങ്കിന്റെ സെന്ട്രല് ബോര്ഡ് ശുപാര്ശ ചെയ്യാതെ സര്ക്കാരിന് സ്വന്തംനിലയ്ക്ക് കറന്സി നോട്ടുകള് നിരോധിക്കാനാവില്ലെന്ന് മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീംകോടതിയില്.

ബാങ്ക് നോട്ടുകള് നിയന്ത്രിക്കാനുള്ള അവകാശം റിസര്വ് ബാങ്കിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര് എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത പിന്വലിച്ച സര്ക്കാര് തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന അറുപതോളം ഹര്ജികളിലാണ് ജസ്റ്റിസ് എസ്. അബ്ദുള് നസീര് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യാഴാഴ്ച വാദമാരംഭിച്ചത്.

നിയമത്തെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് നോട്ട് നിരോധനത്തിലൂടെ സര്ക്കാര് ചെയ്തതെന്നും തീരുമാനമെടുത്ത രീതി റദ്ദാക്കണമെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ മുഴുവന് പൗരന്മാരെയും ബാധിക്കുന്ന സാമ്പത്തികതീരുമാനമായിരുന്നു അത്.

റിസര്വ് ബാങ്ക് നിയമത്തിലെ 26-ാം വകുപ്പ് പ്രയോഗിച്ചാണ് നോട്ടുകള് പിന്വലിച്ചത്. എന്നാല്, ചില സീരീസിലുള്ള നോട്ടുകള് മാത്രം പിന്വലിക്കാനേ സര്ക്കാരിന് 26(2) വകുപ്പ് പ്രകാരം അധികാരമുള്ളൂവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കും മുമ്പ് അതിന്റെ ഭീകരമായ ആഘാതം വിലയിരുത്തിയില്ല.

പ്രതിമാസം 300 കോടി നോട്ടുകള് അച്ചടിക്കാന് മാത്രമേ സര്ക്കാരിന്റെ പ്രസ്സുകള്ക്ക് ശേഷിയുള്ളൂ എന്നിരിക്കെ 2300 കോടി നോട്ടുകളാണ് പിന്വലിച്ചത്. രാജ്യത്തെ 2.15 ലക്ഷം എ.ടി.എമ്മുകള് പുതിയ നോട്ടുകളെ ഉള്ക്കൊള്ളും വിധം സജ്ജമാക്കേണ്ടിവരുമെന്ന് സര്ക്കാര് ആലോചിച്ചില്ല.

ബാങ്കുകളില് മൂന്നില് രണ്ടുഭാഗവും നഗരത്തിലാണുള്ളത്. മൂന്നിലൊന്ന് മാത്രമേ ഗ്രാമങ്ങളിലുള്ളൂവെന്നതും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളനോട്ട്, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിയന്ത്രിക്കാനാണ് നോട്ടുകള് നിരോധിച്ചത്.

എന്നാല്, ലക്ഷ്യം സാധിക്കാനും കഴിഞ്ഞില്ല. തിരിച്ചെത്തിയ 15.31 ലക്ഷം കോടി രൂപയില് 43 കോടി മാത്രമായിരുന്നു കള്ളനോട്ടുകളെന്ന് റിസര്വ് ബാങ്കിന്റെ റിപ്പോര്ട്ടിലുണ്ട്. ഭീകരവാദവും ചെറുക്കാനായില്ല.

ഭീകരപ്രവര്ത്തനത്തിന് ഫണ്ട് നല്കുന്നത് തടയാന് പ്രത്യേക ഏജന്സിയുണ്ടാക്കുമെന്നാണ് ഈയിടെ ആഭ്യന്തരമന്ത്രി പറഞ്ഞത്.

കള്ളനോട്ടാണ് ഭീകരപ്രവര്ത്തനത്തിന് ഫണ്ട് നല്കാന് ഉപയോഗിക്കുന്നത് എന്നതിന് തെളിവുമില്ലെന്ന് ചിദംബരം പറഞ്ഞു. അടുത്തയാഴ്ച വാദം തുടരും.

X
Top