
ഓരോ ദിവസവും പുതിയ പ്രശനങ്ങള്‍ അഭിമുഖീകരിക്കുകയാണ് ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നായിരുന്ന ബൈജൂസ്. ഇപ്പോഴിതാ, ബൈജൂസിന്റെ ദുബായ് ആസ്ഥാനമായുള്ള പങ്കാളിക്കെതിരെ 1,597 കോടി രൂപയുടെ കേസ് നല്‍കിയിരിക്കുകയാണ് ബൈജൂസിന്റെ പാപ്പരത്ത കേസ് കൈകാര്യം ചെയ്യുന്ന വ്യക്തി (റെസലൂഷന്‍ പ്രൊഫഷണല്‍).
ബൈജൂസിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട കുടിശികകള്‍ അടച്ചില്ലെന്ന് കാണിച്ചാണ് ‘മോര്‍ ഐഡിയാസ് ജനറല്‍ ട്രേഡിംഗ്’ എന്ന കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ് കേസ് നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ബൈജൂസിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതില്‍ നിന്നുള്ള വരുമാനം കൈമാറുന്നതില്‍ ഈ സ്ഥാപനം വീഴ്ചവരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മോര്‍ ഐഡിയാസ് ബൈജൂസുമായി വരുമാനം പങ്കിടല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കരാര്‍ പ്രകാരം ബൈജൂസിന് നല്‍കേണ്ട പേയ്‌മെന്റിന്റെ നല്ലൊരു ഭാഗവും ദുബായ് ആസ്ഥാനമായുള്ള ഈ സ്ഥാപനം തടഞ്ഞുവച്ചതായാണ് ആരോപണങ്ങള്‍.
ബൈജൂസിന്റെ മുന്‍ ഡയറക്ടര്‍മാരും സഹസ്ഥാപകരുമായ ബൈജു രവീന്ദ്രന്‍, റിജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് എന്നിവര്‍ക്കെതിരെയും കേസില്‍ പരാമര്‍ശമുണ്ട്. കുടിശ്ശിക തിരിച്ചുപിടിക്കുന്നതിന് ഈ മൂന്ന് പേര്‍ക്കും ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നാണ് ഇതില്‍ പറയുന്നത്.
ശൈലേന്ദ്ര അജ്‌മേരയ്‌ക്കെതിരെ ബൈജൂസ് ഡയറക്ടര്‍മാര്‍
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിലെ ഇ.വൈ പിന്തുണയുള്ള റെസല്യൂഷന്‍ പ്രൊഫഷണലായ ശൈലേന്ദ്ര അജ്‌മേരയാണ് കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ ബൈജൂസിന്റെ സഹസ്ഥാപകര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ ചോദ്യം ചെയ്ത് കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആര്‍പി ശ്രമിക്കുന്നതെന്നും ബൈജൂസിന്റെ സ്ഥാപകര്‍ അവകാശപ്പെട്ടു.
ഏപ്രില്‍ ആദ്യം, തിങ്ക് ആന്‍ഡ് ലേണിന്റെ റെസല്യൂഷന്‍ പ്രൊഫഷണല്‍ സ്ഥാനത്ത് നിന്ന് അജ്‌മേരയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിജു രവീന്ദ്രന്‍ എന്‍സിഎല്‍ടിയില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു. അജ്‌മേരയെ പിന്തുണയ്ക്കുന്ന സ്ഥാപനമായ ഇവൈ മുമ്പ് കമ്പനിയെ ഉപദേശിച്ചിരുന്നതിനാല്‍ കേസില്‍ വൈരുദ്ധ്യം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.
ഇവൈയുടെ നിയമനം വഞ്ചനാപരമായ രീതിയിലാണ് നടന്നതെന്നും അദ്ദേഹം വാദിച്ചു.
തിങ്ക് ആന്‍ഡ് ലേണിനെതിരായ പാപ്പരത്ത കേസ് വ്യാജമാണെന്നാണ് ബൈജു രവീന്ദ്രന്‍ അവകാശപ്പെടുന്നത്. വായ്പ നല്‍കുന്നവരെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന GLAS ട്രസ്റ്റിന് അവരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയില്ലെന്നും അതിനാല്‍ നടപടിയെടുക്കാന്‍ അവകാശമില്ലെന്നുമാണ് ബൈജു രവീന്ദ്രന്റെ വാദം.
അതേസമയം, തിങ്ക് ആന്‍ഡ് ലേണിന്റെ യുഎസ് ഉപകമ്പനി എടുത്ത 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം GLAS ട്രസ്റ്റിന് നല്‍കിയിട്ടുണ്ട് തിങ്ക് ആന്‍ഡ് ലേണ്‍ ആ വായ്പയ്ക്ക് ഗ്യാരന്റി നല്‍കിയിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ പാപ്പരത്ത നടപടികള്‍ ആരംഭിക്കാനുള്ള അവകാശം ഉണ്ടെന്നാണ് GLAS ട്രസ്റ്റ് വാദിക്കുന്നത്.
പണം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുന്നതിന് മുമ്പ് എല്ലാ വായ്പാദാതാക്കളും സമ്മതിക്കണമെന്ന് പറയുന്ന ഒരു പ്രധാന നിബന്ധന വായ്പയില്‍ ഉണ്ടായിരുന്നുവെന്നും ഇത് പാലിക്കാത്തതിനാല്‍ ഇന്ത്യയിലെ പാപ്പരത്ത കേസ് സാധുവല്ലെന്നും ബൈജൂസിന്റെ മുന്‍ ഡയറക്ടര്‍മാര്‍ പറയുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട ചില രേഖകളും വിവരങ്ങളും ആവശ്യാനുസരണം വേഗത്തില്‍ (ഡിസ്‌കവറി പ്രക്രിയ) പങ്കിടണമെന്ന കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനാല്‍ ബൈജു രവീന്ദ്രനെതിരെ യു.എസിലെ ഡെലവെയര്‍ കോടതി സിവില്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തു.
ബൈജു രവീന്ദ്രന്‍ എല്ലാ സമയപരിധിയും ലംഘിച്ചെന്നും കോടതി വാദം കേട്ടില്ലെന്നും പ്രധാനപ്പെട്ട രേഖകള്‍ പലരും സമര്‍പ്പിച്ചില്ല എന്നും ജഡ്ജി പറഞ്ഞു. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആവശ്യമായ വിവരങ്ങള്‍ പങ്കിടാനും ഉത്തരവിട്ടിട്ടുണ്ട്.
അമേരിക്കന്‍ നിയമത്തില്‍, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഇരുപക്ഷവും തെളിവുകളും പ്രധാനപ്പെട്ട വിവരങ്ങളും പരസ്പരം പങ്കിടേണ്ടതുണ്ട്. ഇതിനെയാണ് ഡിസ്‌കവറി പ്രക്രിയ എന്ന് വിളിക്കുന്നത്.