
മുംബൈ: ആഗോള ക്വാണ്ട് ട്രേഡിംഗ് കമ്പനി ജെയിന്‍ സ്ട്രീറ്റിനെതിരായ നടപടിയെക്കുറിച്ച് വിശദീകരിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ. കൃത്രിമവും വഞ്ചനാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂലധന വിപണി നിയന്ത്രണ ഏജന്‍സിക്ക് എല്ലാ അധികാരങ്ങളുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വഴികള്‍ സ്വീകരിക്കുമെന്ന് അറിയിച്ച പാണ്ഡെ കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത തള്ളികളഞ്ഞു.
നിയന്ത്രണങ്ങളല്ല, മറിച്ച് നിലവിലുള്ളവയുടെ നടപ്പാക്കലും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമാണ് ആവശ്യം. ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് ജെയിന്‍ സ്ട്രീറ്റിനെതിരായ നടപടിയെന്ന് അറിയിച്ച പാണ്ഡെ കൂടുതല്‍ നിയന്ത്രണങ്ങളല്ല മറിച്ച് ജാഗ്രതയും നടപ്പാക്കലും നിരീക്ഷണവുമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
‘…വ്യത്യസ്ത കമ്പനികള്‍ക്ക് വ്യത്യസ്ത രീതികളില്‍ കൃത്രിമ രീതികള്‍ നടപ്പിലാക്കാന്‍ കഴിയും. അവയ്‌ക്കൊരു നിയത രൂപമില്ല. വിപണിയില്‍ കൃത്രിമത്വവും വഞ്ചനാപരവുമായ രീതികള്‍ അനുവദനീയമല്ലെന്നും ചട്ടങ്ങള്‍ക്കുള്ളില്‍ സെബിക്ക് അന്വേഷിക്കാനും നടപടിയെടുക്കാനുമുള്ള എല്ലാ അധികാരങ്ങളുണ്ടെന്നും ഞങ്ങളുടെ പിഎഫ യുടിപി നിയമങ്ങള്‍ വളരെ വ്യക്തമായി പറയുന്നു,’ പാണ്ഡെ പറഞ്ഞു.
2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്സ്പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്ന് സെബി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും കമ്പനിയെ വിലക്കാനും നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും 4843.57 കോടി രൂപ പിഴ ചുമത്താനും റെഗുലേറ്റര്‍ തീരുമാനിച്ചു. സെബി ഒരു കമ്പനിയ്ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.