
ന്യൂയോര്‍ക്ക്: ഇന്ത്യയുമായുള്ള ഊര്‍ജ്ജ വ്യാപാരം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. ബുധനാഴ്ച ഫോറിന്‍ പ്രസ് സെന്ററില്‍ നടന്ന പത്രസമ്മേളനത്തിലാണ് റൈറ്റ് ഇക്കാര്യം പറഞ്ഞത്.
പാചക വാതക ഉപയോഗത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം ഊര്‍ജ്ജരംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമാണെന്ന് പറഞ്ഞു. ഗാര്‍ഹിക ഊര്‍ജ്ജ ലഭ്യത മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ ഒരു ‘സ്റ്റാര്‍’ ആണ്. പ്രകൃതിവാതകം, കല്‍ക്കരി, ആണവോര്‍ജ്ജം, ശുദ്ധമായ പാചക ഇന്ധനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഊര്‍ജ്ജ മേഖലകളില്‍ ഇന്ത്യയുമായി ആഴത്തിലുള്ള സഹകരണം യുഎസ് തേടുന്നു. ഈ മേഖലകള്‍ ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായകമാണെന്നും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ യുഎസ് തയ്യാറാണെന്നും റൈറ്റ് അറിയിച്ചു.
യുഎസുമായുള്ള ഊര്‍ജ്ജ വ്യാപാരം വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഈയിടെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് റൈറ്റ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയുടെ ഊര്‍ജ്ജ തന്ത്രങ്ങളില്‍ യുഎസ് പങ്കാളിത്തം നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് ഗോയല്‍ അഭിപ്രായപ്പെട്ടു.
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇന്ത്യ വാങ്ങലിന് യുഎസ് ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക താരിഫിനെക്കുറിച്ചും റൈറ്റ് സംസാരിച്ചു. ചൈന, ഇന്ത്യ, തുര്‍ക്കി രാജ്യങ്ങളിലേയ്ക്ക് റഷ്യ വ്യാപകമായി എണ്ണ കയറ്റുമതി ചെയ്യുന്നു. ഈ തുക യുക്രെയ്‌നെതിരായ യുദ്ധത്തിലേയ്ക്ക് തിരിച്ചുവിടുകയാണ്. ഇത്തരത്തില്‍ റഷ്യയുടെ യുദ്ധ ശ്രമങ്ങള്‍ക്ക് ഈ രാഷ്ട്രങ്ങള്‍ പരോക്ഷമായി സഹായം ചെയ്യുകയാണ്്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രാഥമിക വിദേശനയ ലക്ഷ്യം ആഗോള സമാധാനമാണെന്നും ആ ലക്ഷ്യം പിന്തുടരാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഊര്‍ജ്ജ നയതന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.