ന്യൂഡൽഹി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം നൽകാനും ഇൻഷുറൻസ് ക്ലെയിമുകൾക്കുള്ള നടപടി വേഗമാക്കാനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി.
ലൈഫ് ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനികൾക്കാണ് നിർദേശം.
വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ പോളിസിയുടമകളെ ബന്ധപ്പെടാനുള്ള ശ്രമം വിവിധ മാർഗങ്ങളിലൂടെ ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ, കമ്പനിയുടെ വെബ്‌സൈറ്റ്, എസ്.എം.എസ്. എന്നിവയിലൂടെയാണ് ബന്ധപ്പെടാൻ ശ്രമിക്കുന്നത്.
പി.എം. ജീവൻജ്യോതി, ഭീമ യോജന പദ്ധതിയിലെ പോളിസിയുടമകൾക്ക് എത്രയുംവേഗം ക്ലെയിം തുക നൽകാൻ എൽ.ഐ.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
രേഖകളുടെ പരിശോധനാ നടപടികൾ ലഘൂകരിക്കും. ഇൻഷുറൻസ് കമ്പനികളുമായി ഏകോപനത്തിന് ജനറൽ ഇൻഷുറൻസ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്ലെയിമുകളുടെ വേഗത്തിലുള്ള വിതരണം കൗൺസിൽ ഉറപ്പാക്കും. പോളിസിയുടമകൾക്ക് ക്ലെയിമുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനായി പോർട്ടലിന് രൂപം കൊടുക്കും.