തിരുവനന്തപുരം: ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ടെയ്നർ നീക്കം നടക്കുന്നത്. ട്രയൽ റൺ സമയത്ത് തന്നെ ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തിന്റെ മികവിന്റെ അടയാളമാണ്.
വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ പോലും ഇത്രയും കണ്ടെയ്നറുകൾ ഒറ്റക്കപ്പലിൽനിന്ന് കയറ്റിറക്കുമതി നടത്താനായിട്ടില്ല.
സെപ്റ്റംബർ 27-ന് വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) അന്ന എന്ന കപ്പലിൽനിന്ന് കണ്ടെയ്നർ ഇറക്കിയും തിരികെ കണ്ടെയ്നറുകൾ കയറ്റിയുമാണ് നേട്ടം കൈവരിച്ചത്.
മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്നറുകളുടെ നീക്കം നടന്നത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ് എം.എസ്.സി. അന്ന മദർഷിപ്പ്.
399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള കപ്പലിന് 14.7 മീറ്റർ ആഴവുമുണ്ട്. ചരക്ക് കയറ്റിറക്കുമതിക്ക് ശേഷം സെപ്റ്റംബർ 30-ന് കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓട്ടോമേറ്റഡ് ക്രെയിൻ സംവിധാനമാണ് ഇവിടത്തേത്. കപ്പലുകളിൽനിന്ന് ഇറക്കേണ്ട കണ്ടെയ്നറുകൾ കണ്ടെത്തുന്നതും അത് ലോറിയിലേക്ക് എത്തിക്കുന്നതും കപ്പലുകളിലെ കണ്ടെയ്നറുകൾ റീ അറേഞ്ച് ചെയ്യുന്നതും ഓട്ടോമേറ്റഡ് ക്രെയിനുകളുപയോഗിച്ചാണ്.
തുറമുഖത്തിന്റെ കമ്മിഷനിങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ഇതുവരെ 20 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഇതിൽ 15-ഉം ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടെതാണ്.
ഇതുവരെ 50000-ലധികം കണ്ടെയ്നറുകളുടെ നീക്കം നടന്നുകഴിഞ്ഞു. നിലവിൽ കൂടുതൽ കമ്പനികൾ ട്രാൻസ്ഷിപ്മെന്റിന് വിഴിഞ്ഞത്തേക്ക് എത്താനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്.
ഒക്ടോബറിലും എല്ലാ ദിവസവും വിഴിഞ്ഞത്ത് കപ്പലുകൾ എത്തും.